'കാന്താര കണ്ട് മകളുടെ ഉറക്കം നഷ്ടമായി', ക്ലൈമാക്സ് അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് ബച്ചൻ

കാന്താര കണ്ട് ദിവസങ്ങളോളം മകളുടെ ഉറക്കം നഷ്ടമായെന്ന് അമിതാഭ് ബച്ചൻ

'കാന്താര കണ്ട് മകളുടെ ഉറക്കം നഷ്ടമായി', ക്ലൈമാക്സ് അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് ബച്ചൻ
dot image

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. വൈകാതെ സിനിമ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാന്താര സിനിമ കണ്ടതിന് ശേഷം കുറച്ച് ദിവസത്തേക്ക് തന്റെ മകളുടെ ഉറക്കം നഷ്ടമായെന്ന് പറയുകയാണ് അമിതാഭ് ബച്ചൻ.

അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതി എന്ന പരിപാടിയിൽ റിഷബ് ഷെട്ടി എത്തിയിരുന്നു. ഇവർക്ക് ഇടയിൽ നടന്ന സംഭാഷണത്തിലാണ് അമിതാഭ് ബച്ചൻ ഇക്കാര്യം പറയുന്നത്. ' ഇതിനു മുൻപ് നിങ്ങളുടെ സിനിമകൾ കാണാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, ഞങ്ങളുടെ ഷെഡ്യൂളുകൾ എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമല്ലോ. പക്ഷേ എന്റെ മകൾ ശ്വേത കാന്താര കാണാൻ കണ്ടിരുന്നു. കുറച്ച് ദിവസത്തേക്ക് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നിങ്ങളുടെ പ്രകടനം കണ്ട് അവൾ അത്ഭുതപ്പെട്ടു, പ്രത്യേകിച്ച് അവസാന രംഗം. നിങ്ങൾ എങ്ങനെ ആ രംഗം ചെയ്തുവെന്ന് അവൾ ചോദിച്ചുകൊണ്ടിരുന്നു,' അമിതാഭ് ബച്ചൻ പറഞ്ഞു.

അതേസമയം, 44.5 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ. സിനിമ വൈകാതെ കേരളത്തിൽ നിന്ന് 50 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.

2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Content Highlights: Amitabh Bachchan says his daughter lost sleep for days after seeing Kantara

dot image
To advertise here,contact us
dot image