
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുരാരി ബാബുവിന്റെ രാജി ചോദിച്ചുവാങ്ങി എന്‍എസ്എസ്. എന്‍എസ്എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനമാണ് രാജിവെപ്പിച്ചത്. ആരോപണ വിധേയനായ ആള്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കണ്ട് കരയോഗം രാജി ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജിവെക്കുകയും ഇന്ന് ചേര്‍ന്ന യോഗം രാജി അംഗീകരിക്കുകയുമായിരുന്നു. കരയോഗം ബോര്‍ഡ് യോഗം കൂടിയാണ് രാജി ആവശ്യപ്പെട്ടത്.
കേസില്‍ ഇന്ന് അറസ്റ്റ് ചെയ്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശമുണ്ട്. മുരാരി ബാബു അടക്കമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായെന്നും പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുമാണ് മൊഴി.
2025ല്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. 2024 ഒക്ടോബറില്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെഴുതിയ കത്താണ് പുറത്തുവന്നത്. ഇതേമാസം ഉണ്ണികൃഷ്ണന്‍ പോറ്റി എഴുതിയ കത്തിനുള്ള മറുപടിയാണിത്.
2019 ല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ആയിരിക്കെ മുരാരി ബാബു തന്നെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണപാളി കൊടുത്തുവിടാമെന്ന് എഴുതിയത്. 2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണപ്പാളി അഴിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 2019 ല്‍ അഴിച്ചെടുത്ത സ്വര്‍ണപ്പാളി ചെമ്പ് ആണെന്ന് മഹ്സറില്‍ എഴുതിയതും മുരാരി ബാബുവായിരുന്നു. എന്നാല്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വര്‍ണത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് എഴുതി നല്‍കിയതെന്നാണ് മുരാരി ബാബു വിശദീകരിച്ചത്.
Content Highlights: NSS demands Murari Babu's resignation