
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ചാണ്ടി ഉമ്മന് അതൃപ്തി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷന്മാരെയും പരിഗണിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോൺഗ്രസ് പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ ചാണ്ടി ഉമ്മനെ തഴഞ്ഞതാണ് അനുകൂലികളെ അതൃപ്തിയിലാക്കിയത്. അതേസമയം, യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു.
തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. അതിന് പിന്നിൽ പ്രവർത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്നും അതിന്റെ വേദന സ്വാഭാവികമായും ഉണ്ടാകുമെന്നും ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. 'അബിൻ കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പല അഭിപ്രായങ്ങൾ വരുന്നത് സ്വാഭാവികം. പാർട്ടിയെടുത്ത തീരുമാനത്തിലെ കാര്യകാര്യങ്ങളിലേക്ക് കടക്കുന്നില്ല. അബിൻ അർഹതയുള്ള വ്യക്തിയാണ്. പതിറ്റാണ്ടുകളായി വർക്ക് ചെയ്യുന്ന നേതാവാണ്. താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചുവന്ന നേതാവാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വേണമായിരുന്നു തീരുമാനമെടുക്കാൻ' എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
പതിമൂന്ന് ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരായെും ഉൾപ്പെടുത്തി ഇന്നലെയാണ് ജംബോ പട്ടിക കെപിസിസി പുറത്തുവിട്ടത്. രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
Content Highlights: Chandy Oommen unhappy with KPCC reorganization