'ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും'

എന്ത് കാര്യത്തിലാണ് കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വി ശിവന്‍കുട്ടി

'ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും'
dot image

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിക്ക് ആ സ്‌കൂളില്‍ പഠിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്ത് കാര്യത്തിലാണ് കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

'കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആയിരിക്കും. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രത്തോളമാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാന്‍ പാടുണ്ടോ. ചെറിയ തോതില്‍ തന്നെ അവിടെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട പ്രശ്‌നമാണ് വഷളാക്കുന്നത്', വി ശിവന്‍കുട്ടി പറഞ്ഞു.

ഒരു കുട്ടിയുടെ പ്രശ്‌നമാണെങ്കിലും ആ കുട്ടിക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ധിക്കാരത്തോടെയാണ് സ്‌കൂള്‍ പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പാളും അഭിഭാഷകയും സംസാരിച്ചത്. ലീഗല്‍ അഡൈ്വസര്‍ക്ക് സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ലെന്നും കോടതിയിലെ നിയമപരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ജോലിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

'ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല. അങ്ങനെ കേരളത്തില്‍ ഒരു കീഴ് വഴക്കവും ഇല്ല. ഇനിയെങ്കിലും കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്‌നം തീര്‍ക്കണം. പരാതി കിട്ടിയപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തത്. ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ വിരോധാഭാസമായിട്ടേ കാണാന്‍ പറ്റുള്ളു. വാശിയും വൈരാഗ്യവും മാറ്റിവെച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നതാണ് നല്ലത്', വി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചിരുന്നു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളില്‍ പഠനം തുടരും.

Content Highlights: V Sivankutty about Hijab controversy

dot image
To advertise here,contact us
dot image