
രണ്ടുവര്‍ഷമായി ഫുഡ് ഡെലിവറി ആപ്പ് സേവനത്തെ കബളിപ്പിച്ച് 21 ലക്ഷം രൂപയുടെ ഭക്ഷണം സൗജന്യമായി തട്ടിയ യുവാവ് അറസ്റ്റില്‍. ജാപ്പനീസ് പൗരനായ താകുയ ഹിഗാഷിമോട്ടോ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഫുഡ് ആപ്പിലൂടെ പണം നല്‍കാതെ ഭക്ഷണം വരുത്തിച്ച് കഴിക്കുകയായിരുന്നു.
38 വയസ്സുള്ള ഹിഗാഷിമോട്ടോ തൊഴില്‍ രഹിതനാണ്. ഫുഡ് ഡെലിവറി ആപ്പായ ഡീമേ കാന്‍(DEMAE-CAN) വഴി 2013 ഏപ്രില്‍ മുതലാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തുതുടങ്ങിയത്. കോണ്‍ടാക്ട്‌ലെസ്സ് ഡെലിവറി ചെയ്യാനാണ് ഇയാള്‍ ആവശ്യപ്പെടാറുള്ളത്. ഇപ്രകാരം ചെയ്ത ശേഷം ഓര്‍ഡര്‍ എത്തിക്കഴിഞ്ഞാല്‍ ഭക്ഷണം ലഭിച്ചില്ലെന്ന് ഇയാള്‍ ചാറ്റ് ഫീച്ചര്‍ വഴി പരാതി നല്‍കും. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് ഇയാള്‍ക്ക് റീഫണ്ടും ലഭിക്കും ഭക്ഷണവും ലഭിക്കും. ഇതായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ രീതി.
നിരവധി പ്രിപെയ്ഡ് സിംകാര്‍ഡുകള്‍ എടുത്ത് വ്യാജ പേരുകളും അഡ്രസുകളും നല്‍കി നിരവധി അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി 124 അക്കൗണ്ടുകളാണ് ഇയാള്‍ നിര്‍മിച്ചത്. ഇങ്ങനെ 2023 മുതല്‍ 1095 ഓര്‍ഡറുകള്‍ ഇയാള്‍ ചെയ്തിരുന്നു.
സമാനമായ രീതിയില്‍ ജൂലായ് 30നും ഇയാള്‍ പുതിയ അക്കൗണ്ട് ആരംഭിച്ചു. ബെന്റോ, ചിക്കന്‍ സ്റ്റീക്‌സ് എന്നിവ ഓര്‍ഡര്‍ ചെയ്തു..പതിവുപോലെ ഭക്ഷണം ലഭിച്ചുകഴിഞ്ഞപ്പോള്‍ തനിക്ക് ഫുഡ് എത്തിയില്ലെന്ന് പരാതിയും നല്‍കി. അന്നുതന്നെ ഇയാള്‍ക്ക് 16,000 യെന്‍ ലഭിച്ചു.
ഇതോടെ കമ്പനിക്ക് എന്തോ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. നേരത്തേ റീഫണ്ട് ചെയ്ത കേസുകളും ഇവര്‍ പുനഃപരിശോധിച്ചു. അങ്ങനെയാണ് രണ്ടുവര്‍ഷമായി തുടരുന്ന തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. തട്ടിപ്പ് പുറത്തായതോടെ ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാഫീച്ചറുകള്‍ ശക്തമാക്കിയിരിക്കുകയാണ് കമ്പനി.
Content Highlights: Two‑Year Free Feast: Japanese Man Rips Off Food‑Delivery App for ₹21 Lakh