
കോഴിക്കോട്: കോ-ഓപറേറ്റീവ് ബോര്‍ഡ് പരീക്ഷയില്‍ പിഴവെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷ എഴുതാന്‍ വന്നവര്‍ക്ക് നല്‍കിയത് സീല്‍ പൊട്ടിച്ച ചോദ്യപേപ്പറെന്നാണ് ആരോപണം. കോഴിക്കോട് ചെറുവണ്ണൂര്‍ എക്‌സാം സെന്ററിലാണ് സംഭവം. ഇതോടെ, ആശങ്കയിലായ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഈ മാസം 12-ന് നടത്തിയ കോ-ഓപറേറ്റീവ് ബോര്‍ഡിന്റെ ജൂനിയര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് പിഴവെന്ന ആരോപണം ഉയര്‍ന്നത്. എക്‌സാം സെന്ററിലെത്തിച്ചത് സീല്‍ പൊട്ടിച്ച ചോദ്യപേപ്പറായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗാര്‍ത്ഥികളോട് ചോദ്യപേപ്പര്‍ എണ്ണത്തില്‍ കുറവെന്നാണ് എക്‌സാമിനര്‍ നല്‍കിയ മറുപടി. എന്നാല്‍, കൃത്യമായ മറുപടി കിട്ടിയിലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പയുന്നത്. ചോദ്യപേപ്പറുകളില്‍ കുറവ് വന്നത് എങ്ങനെയെന്നും ഒഎംആര്‍ ഷീറ്റുള്‍പ്പടെ മറ്റ് സെന്ററുകളില്‍ നിന്ന് എത്തിച്ചത് എങ്ങനെയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരാഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കോ-ഓപറേറ്റീവ് ബോര്‍ഡ് സെക്രട്ടറിക്ക് പരാതി നല്‍കിട്ടുണ്ട്. കോ-ഓപറേറ്റീവ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നാണ് പരാതിയിലെ ഉള്ളടക്കം.
Content Highlights: Candidates allege irregularities in Cooperative Board exam