
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂളിന് നോട്ടീസ് നൽകിയത് മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാനാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സമവായം ആയെങ്കിൽ അത് നല്ലകാര്യമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് പ്രശ്‌നം തീർത്തതായി മാധ്യമങ്ങളിൽ കണ്ടിരുന്നു. അങ്ങനെയെങ്കിൽ പ്രശ്‌നം അവിടെവച്ച് തന്നെ തീരട്ടേ. കുട്ടിയുടെ രക്ഷിതാവ് പഴയ നിലപാടിൽനിന്നും മാറി ശിരോവസ്ത്രമില്ലാതെ കുട്ടിയെ സ്‌കൂളിലയക്കാമെന്നതിലേക്ക് എത്തിയതായാണ് അറിഞ്ഞത്. അതോടെ പ്രശ്‌നം തീർന്നുവെന്നും മന്ത്രി പറഞ്ഞു.
ക്ലാസിലിരുന്ന് പഠിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കപ്പെടരുത് എന്നതിനാലാണ് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ ഇടപെട്ടത്. കുട്ടിയുടെ രക്ഷിതാവിൽനിന്ന് കിട്ടിയ പരാതിയിലാണ് അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടത്. പ്രശ്‌നം വഷളാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ശാന്തമായ അന്തരീക്ഷത്തിൽ പോകണം. അവിടെ ജാതിയുടേയോ മതത്തിന്റെയോ വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ ഒരു സംഘർഷവും ഉണ്ടാകാൻ പാടില്ല. വർഗീയ വേർതിരിവിന് ചിലർ ശ്രമക്കുന്നതായും മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം അനുസരിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ വിഷയത്തിൽ റിപ്പോർട്ട് നൽകിയത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്നായിരുന്നു റിപ്പോർട്ട്.
കുട്ടി സ്‌കൂൾ ഡ്രസ്‌കോഡ് പാലിച്ചാണ് എത്താറുള്ളതെങ്കിലും തലവഴി ഷാൾ ചുറ്റി ഹിജാബ് രീതിയിൽ ധരിക്കുന്നത് സ്‌കൂൾ മാനേജ്‌മെന്റിന് അംഗീകരിക്കാനാകാത്തതാണെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ഷാൾ ചുറ്റി വരാൻഡ പാടില്ലെന്ന് കൃത്യമായി സ്‌കൂൾ നിയമത്തിൽ രേഖപ്പെടുത്താത്തത് എന്തെന്ന ചോദ്യത്തിന് മറുപടി നൽകാൻ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള സ്‌കൂൾ പിടിഎ ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യമുണ്ടാകില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നതായി മന്ത്രി വ്യക്തമാക്കി. ശിരോവസ്ത്രം അഴിക്കാൻ തയ്യാറാകാതതിനെ തുടർന്ന് കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയിരുന്നു. പിതാവ് സ്‌കൂളിലെത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് രക്ഷകർത്താവ് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് മന്ത്രി പ്രതികരിച്ചതെന്നും സ്കൂൾ അധികൃതർ വിമർശിച്ചിരുന്നു. കോടതിയുടെ നിയമപ്രകാരം മാത്രമേ സ്‌കൂൾ മുന്നോട്ടു പോകുകയുള്ളൂ. പറഞ്ഞ പ്രസ്താവന മന്ത്രി തിരുത്തണം. വസ്തുതാവിരുദ്ധമായ റിപ്പോർട്ട് പ്രകാരമുള്ള നിർദേശത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞിരുന്നു.
Content Highlights: v sivankutty reaction on hijab issue