
വടകര: പേരാമ്പ്ര സംഘര്‍ഷത്തില്‍ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ഷാഫി പേരാമ്പ്രയില്‍ കലാപത്തിന് ശ്രമിച്ചെന്ന് എസ് കെ സജീഷ് ആരോപിച്ചു. മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പൊലീസിനെ ആക്രമിച്ചെന്നും ജീവഹാനി അടക്കം ലക്ഷ്യം വെച്ചെന്നുമുളള ഗുരുതര ആരോപണമാണ് എംപിക്കെതിരെ എസ് കെ സജീഷ് ഉന്നയിച്ചത്.
'ജീവഹാനി അടക്കം ലക്ഷ്യം വെച്ചു. ആളുകളെ പുറത്ത് നിന്നും എത്തിച്ചു. ഷാഫി വന്നില്ലെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു. ഞാനെന്ന ഭാവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമൂഹത്തിന് നല്ലതല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയില്‍ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണം', എസ് കെ സജീഷ് പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് അടപടലം വീണെന്നും പൊലീസിന്റെ പ്രതികരണം സ്വഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണ് അത് ചെയ്തതെന്നുമുള്ള യുഡിഎഫ് വാദം ഉയരുന്നതിന് പിന്നാലെയാണ് കസ്റ്റഡി. 700ഓളം ആളുകള്‍ ഉള്‍പ്പെടുന്ന യുഡിഎഫിന്റെ 'ന്യായവിരുദ്ധ' ജനക്കൂട്ടത്തിനിടയില്‍നിന്നു സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് പൊലീസുകാരുടെ ജീവന്‍ അപായപ്പെടുത്താനും കൃത്യനിര്‍വഹണം തടസപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്ഫോടക വസ്തു എറിഞ്ഞത് 'യുഡിഎഫ് ജനവിരുദ്ധകൂട്ട'ത്തില്‍നിന്നാണെന്നായിരുന്നു എഫ്‌ഐആറിലെ പരാമര്‍ശം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പൊലീസിന്റെ നടപടി. യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും ദൃശ്യത്തില്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: Perambra clash SK Sajeesh says Shafi Parambil attempted riot