
കൊച്ചി: ഹിജാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാര മുറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇരവാദം പൊക്കിപ്പിടിച്ചുള്ള നാടകങ്ങള്‍ക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കള്‍ തിരശ്ശീല ഇടുന്നതാണ് നല്ലത്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. എല്ലാ സ്‌കൂളുകളിലും യൂണിഫോം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തീരുമാനിക്കട്ടെയെന്നും ഇതുവരെ ഹിജാബ് ധരിക്കാതെ അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു എന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ബാലന്‍സ് ചെയ്ത് പ്രതികരിക്കുകയാണ്. മറ്റു മതസ്ഥര്‍ നടത്തുന്ന സ്‌കൂളുകളില്‍ നിസ്‌കാരമുറിയുടെയും ഹിജാബിന്റെയും ഒക്കെ മറവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധമെന്നും ദീപികയില്‍ ചോദിക്കുന്നു.
'മതവര്‍ഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത് കുട്ടികളെയെങ്കിലും വെറുതെ വിട്ടുകൂടെ. ഒന്നോരണ്ടോ വ്യക്തികളോ മത സംഘടനയോ വിചാരിച്ചാല്‍ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെ കൂടി ഫലമാണ്', മുഖപ്രസംഗത്തല്‍ പറയുന്നു.
പ്രീകെജി മുതല്‍ പത്താംക്ലാസ് മുതല്‍ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉള്‍പ്പെടെ 449 മറ്റ് വിദ്യാര്‍ത്ഥികളെ പോലെ പെരുമാറാന്‍ പറ്റില്ലെന്ന വാശിയിലാണെങ്കില്‍ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥിനിയെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റേണ്ടതാണ്.
ചെറുപ്പം മുതലേ കുട്ടികളില്‍ തീവ്ര മതവികാരം കുത്തി നിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോട് കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളര്‍ന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവമാണ് വലിയ വിവാദമായത്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും മന്ത്രി വി ശിവൻകുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. അത് ചെറുതായാലും വലുതായാലും നിഷേധിക്കാന്‍ കഴിയില്ല. സ്‌കൂളിനോട് ഇന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
എന്നാൽ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ ആവശ്യം. ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. തെളിവോടുകൂടി ഇക്കാര്യത്തിൽ സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സമാനനിർദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടൻ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.
സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂൾ അഭിഭാഷക അഡ്വ. വിമല പറഞ്ഞു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി സമാവായത്തിലെത്തിക്കാമോ അത്തരത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഇതിനെ കൈകാര്യം ചെയ്തത്. വിദ്യാഭ്യാസമന്ത്രി കാര്യങ്ങളെ യാതൊരു രീതിയിലും പഠിച്ചിട്ടില്ല എന്നത് വ്യക്തമാണെന്നും അഭിഭാഷക പറഞ്ഞു.
പൊതുപ്രവർത്തകർ ചേർന്ന് പ്രശ്നം തീർത്തതായി മാധ്യമങ്ങളിൽ കേൾക്കുന്നുവെന്നും പ്രശ്നം അവിടെവെച്ചു തീരട്ടെയെന്നും പിന്നാലെ മന്ത്രിയും പ്രതികരിച്ചു. ജാതിയുടെയോ മതത്തിന്റെയോ പേര് പറഞ്ഞ് ആരെയും വേർതിരിക്കരുതെന്നും പ്രശ്നം പരിഹരിച്ചു മുന്നോട്ട് പോവുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Deepika's editorial strongly criticizes hijab controversy