ഷാഫിയുടെ മറവിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു, അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി; രാഹുലിനെതിരെ എസ്എഫ്ഐ

രാഷ്ട്രീയ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണിതെന്നും ശിവപ്രസാദ് പറഞ്ഞു

ഷാഫിയുടെ മറവിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു, അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി; രാഹുലിനെതിരെ എസ്എഫ്ഐ
dot image

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്‌ഐ. ഷാഫി പറമ്പിലിന്റെ മറവില്‍ ഒരാള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുവെന്നും അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതിയെന്നും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ആരോപിച്ചു.

രാഷ്ട്രീയ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണിതെന്നും ശിവപ്രസാദ് പറഞ്ഞു. വയനാടിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ മാത്രമാണ് കൃത്യമായ രാഷ്ട്രീയം പറയുന്നത്. എബിവിപിയുടെയും കെഎസ്‌യുവിന്റെയും കയ്യില്‍ നിന്നും പല ക്യാമ്പസുകളും പിടിച്ചെടുത്തു. ആക്രമിച്ച് കീഴ്‌പ്പെടുത്തിക്കളയാം എന്നതാണ് കെഎസ്‌യുവിന്റെയും എബിവിപിയുടെയും നയം. എന്നാല്‍ വിജയം അക്രമങ്ങളിലൂടെ അല്ലെന്ന് എസ്എഫ്‌ഐ തെളിയിച്ചു. കെഎസ്‌യു ബാലറ്റ് പേപ്പറുകള്‍ മുക്കുകയാണ്. ഡോ. പി രവീന്ദ്രന്റെ പിന്തുണയിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. രവീന്ദ്രന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റാണെന്നും ശിവപ്രസാദ് ആരോപിച്ചു.

സഭയിലെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെയും പി പി ചിത്തരഞ്ജനെയും പിന്തുണച്ച എം ശിവപ്രസാദ് മുഖ്യമന്ത്രി പറഞ്ഞതില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതൊരു നാടന്‍ രീതിയായി പറഞ്ഞതാണ്. പി പി ചിത്തരഞ്ജന്റെ സഭയിലെ പരാമര്‍ശം വികലാംഗരെ അപമാനിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹം സൂചിപ്പിച്ചതും പരിഹസിച്ചതും വികലാംഗരെ അല്ല. അദ്ദേഹം പരിഹസിച്ചത് പ്രതിപക്ഷത്തെയാണ്. അതിനെ വളച്ചൊടിക്കുന്നത് പ്രതിപക്ഷത്തെ രക്ഷിക്കാനാണ്. മറ്റുള്ള വാഖ്യാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എം ശിവപ്രസാദ് പറഞ്ഞു.

Content Highlights: sfi against shafi parambil and rahul mamkootathil

dot image
To advertise here,contact us
dot image