ഡിഎസ്‌യു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷം;കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ അറിയിച്ചു

ഡിഎസ്‌യു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷം;കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
dot image

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ്‌യു) തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ അറിയിച്ചു. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും ഉടന്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്.

ഇന്നലെയായിരുന്നു ഡിഎസ്‌യു തെരഞ്ഞെടുപ്പിന് വോട്ടെണ്ണലിനിടെ സംഘര്‍ഷം ഉടലെടുത്തത്. എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ചില ബാലറ്റുകളില്‍ പ്രിസൈഡിങ് ഓഫീസറുടെ ഒപ്പില്ലെന്ന ആരോപണവുമായി യുഡിഎസ്എഫ് രംഗത്തെത്തിയിരുന്നു. ബാലറ്റ് ബാഗിലാക്കി എത്തിച്ചെന്നും യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

പിടിവലിക്കിടെ ബാലറ്റുകള്‍ കീറിയെന്ന ആരോപണം ഉയര്‍ന്നതോടെ വോട്ടെണ്ണല്‍ നടന്ന ഇഎംഎസ് സെമിനാര്‍ ഹാളില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെടുകയും ലാത്തിവീശുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. സംഘര്‍ഷം രൂക്ഷമായതോടെ വോട്ടെണ്ണല്‍ നിര്‍ത്തി. ബാലറ്റ് പേപ്പര്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.

Content Highlights- calicut university campus closed

dot image
To advertise here,contact us
dot image