
വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ് ലഭിക്കുന്നത് സായ് സുദര്‍ശനെടുത്ത അവിശ്വസനീയ ക്യാച്ചില്‍ നിന്നായിരുന്നു. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു ജോൺ കാംപ്‌ബെൽ. കാംപ്‌ബെല്ലിന്‍റെ ശക്തമായ ഷോട്ട് കൊണ്ടത് ഷോർട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നെഞ്ചിലായിരുന്നു.
നെഞ്ചിനുനേരെ വന്ന അടി കൈ കൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് സുദര്‍ശന്‍ പന്ത് നിലത്തുവീഴാതെ കൈയിലൊതുക്കുകയും ചെയ്തു. സായ് സുദര്‍ശൻ ആ ക്യാച്ചെടുത്തതുകണ്ട് കാംപ്‌ബെല്‍ അവിശ്വസനീയതയോടെ ക്രീസില്‍ നിന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അടക്കം മുഴുവൻ ഇന്ത്യൻ ഫീൽഡർമാരുടെ മുഖത്തും ആ അവിശ്വസനീയത ഉണ്ടായിരുന്നു.
അതേ സമയം ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുദര്‍ശന്‍റെ കൈവിരലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തു. സുദര്‍ശന്‍റെ കൈവിരലിലെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഫിസിയോ എത്തി സുദര്‍ശന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന കുറയാത്തതിനെ തുടര്‍ന്ന് ദേവ്ദത്ത് പടിക്കലാണ് പകരം ഫീല്‍ഡിംഗിനായി ഇറങ്ങിയത്.
വിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മുൻ തൂക്കം ഇന്ത്യയ്ക്കാണ്. അഞ്ചുവിക്കറ്റിന് 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ കൂറ്റൻ ടോട്ടൽ പിന്തുടർന്ന വിൻഡീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ 140 റൺസിന് നാല് എന്ന നിലയിലാണ്.
Content Highlights: Watch: Sai Sudharsan takes stunning catch at short leg