
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് റെക്കോർഡ്.
ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ വിന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും 50 റൺസോ അതിലധികമോ സ്കോര്‍ ചെയ്താണ് റെക്കോര്‍ഡിട്ടത്.
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുയര്‍ത്തുന്നത്. 1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം. ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ എതിരാളികള്‍ക്കെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്നത് എന്നതും പ്രത്യേകതയാണ്.
വിന്‍ഡീസിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്സ്വാളും ചേര്‍ന്ന് 58 റണ്‍സടിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍-സായ് സുദര്‍ശന്‍ സഖ്യം 175 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍-ശുഭ്മാന്‍ ഗില്‍ സഖ്യം 74 റണ്‍സെടുത്തപ്പോള്‍ നാലാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി-ഗില്‍ സഖ്യം 91 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഗില്‍-ധ്രുവ് ജുറെല്‍ സഖ്യം 102 റണ്‍സും കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
വിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മുൻ തൂക്കം ഇന്ത്യയ്ക്കാണ്. അഞ്ചുവിക്കറ്റിന് 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ കൂറ്റൻ ടോട്ടൽ പിന്തുടർന്ന വിൻഡീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ 140 റൺസിന് നാല് എന്ന നിലയിലാണ്.
Content Highlights: Big partnerships for five wickets; India breaks 65-year-old record against Windies