ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം; വർണ്ണാഭമായ നാടോടി നൃത്തത്തോടെ സ്റ്റേജ് ഇനങ്ങൾക്ക് തുടക്കം

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നാണ് ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗ്

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം; വർണ്ണാഭമായ നാടോടി നൃത്തത്തോടെ സ്റ്റേജ് ഇനങ്ങൾക്ക് തുടക്കം
dot image

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് വർണ്ണാഭമായ നാടോടി നൃത്തത്തോടെ തുടക്കമായി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നാണ് ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗ്. ഇതിനകം തന്നെ റെക്കോർഡ് പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച യുവജനോത്സവത്തിൽ ഏകദേശം 7,000 വിദ്യാർത്ഥികൾ സാഹിത്യ പരിപാടികളിൽ മത്സരിച്ചു. കൂടാതെ 2000 വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പ് ഇനങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പ്രസംഗം, നൃത്തം, സംഗീതം, കവിത, നാടകം തുടങ്ങി നിരവധി മത്സരങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുന്നു. ഇന്നലെ (വ്യാഴം) ബി, സി ലെവൽ നാടോടി നൃത്തം, എ, ഡി ലെവൽ മൈം, ബി, ഡി ലെവൽ ഇംഗ്ലീഷ് പ്രസംഗം, സി, ഡി ലെവൽ ഹിന്ദി കവിതാ പാരായണം എന്നിവ നടന്നു.

വിദ്യാർത്ഥികളായ തഹ്രീം ഫാത്തിമയും സൈനബ് അലിയും അവതാരകരായിരുന്നു. ഒക്ടോബർ 10 മുതൽ 13 വരെ കലോത്സവം തുടരും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കലാരത്നയും കലാശ്രീയും സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, ഹൗസ് സ്റ്റാർ അവാർഡുകൾ എന്നിവയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ കാത്തിരിക്കുന്നു. യുവജനോത്സവത്തിൽ 1,800-ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഫല പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെ അതത് വേദികളിൽ ഗ്രൂപ്പ് മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തുവരുന്നു.

വ്യക്തിഗത പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

Content Highlights: Stage events at the Indian School Youth Festival began with a colorful folk dance

dot image
To advertise here,contact us
dot image