
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രക്ഷോഭം ഏറ്റെടുക്കുന്നുവെന്ന് എൻഡിഎ. മോഷണം അന്വേഷണ ഏജൻസികൾ അല്ല കണ്ടെത്തിയത്. കയ്യോടെ പിടികൂടിയത് ഹൈക്കോടതിയാണെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു . ദേവസ്വം ബോർഡിന് തെറ്റ് പറ്റിയില്ലയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഷണത്തിന് കൂട്ടുനിന്ന ദേവസ്വം ബോർഡിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ17 ന് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡിഎ പ്രതിഷേധ ധർണ്ണയും ഒക്ടോബർ 30 ന് കേന്ദ്രങ്ങളിൽ എൻഡിഎ പ്രതിഷേധ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട പ്രതിഷേധം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വ്യഗ്രത പങ്കുണ്ടെന്ന് കാണിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ നടന്ന തീ വെട്ടിക്കൊള്ളക്ക് മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനും പങ്കുണ്ട്. പലക്ഷേത്രങ്ങളിലും ശബരിമലയിൽ നടന്നപോലെ സ്വർണമോഷണം നടന്നിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ചായിരുന്നു വെട്ടിപ്പ് നടത്തിയിരുന്നത്. 25 വർഷമായി ശബരിമലയിൽ തീ വെട്ടിക്കൊള്ള നടന്നു. വിഷയത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും കൃഷ്ണദാസ് പറഞ്ഞു.എൻഡിഎ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.വരുന്ന ത്രിതല തെരഞ്ഞെടുപ്പ് എൻഡിഎ ഒറ്റക്കെട്ടായി നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു.
എൽഡിഎഫ്, യുഡിഎഫ് എന്നീവയ്ക്ക് ബദലായി എൻഡിഎയെ സ്വീകരിക്കണമെന്നും കേരള ജനത മോചനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യത്തിനായി പ്രചരണ പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം. ഇപ്പോൾ നടക്കുന്നത് പോറ്റിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ. ഇത്രയും സ്വർണം ചെമ്പാക്കാൻ ഒരു പോറ്റിക്ക് സാധ്യമല്ല ദേവസ്വം ബോർഡിനും ഭരണകൂടത്തിനും മാത്രേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.പോറ്റിയെ പോറ്റി വളർത്തിയവർ നിയമത്തിനു മുന്നിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് വിഷയത്തിലും പി കെ കൃഷ്ണദാസ് പ്രതികരിച്ചു. കേരളത്തിൽ എയിംസ് വരുമെന്ന് ജെപി നദ്ദ പ്രഖ്യാപിച്ചതാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഓരോരുത്തർക്ക് അവരുടെ അഭിപ്രായങ്ങളുണ്ട്. സുരേഷ് ഗോപിക്കും അദ്ദേഹത്തിൻറെ അഭിപ്രായമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ഉചിതമായ സമയത്തും സ്ഥലത്തും എയിംസ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight : No potter can turn this much gold into copper; NDA says protests will continue over gold looting in Sabarimala