സ്വർണപ്പാളി വിവാദം: ഉത്തരവാദികളായ ആരെയും സംരക്ഷിക്കേണ്ട കാര്യം സർക്കാരിനോ പാർട്ടിക്കോ ഇല്ല: എം വി ഗോവിന്ദൻ

സമഗ്രമായ അന്വേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ

സ്വർണപ്പാളി വിവാദം: ഉത്തരവാദികളായ ആരെയും സംരക്ഷിക്കേണ്ട കാര്യം സർക്കാരിനോ പാർട്ടിക്കോ ഇല്ല: എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമഗ്രമായ അന്വേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും എല്ലാം പുറത്തുവരണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

'പ്രതിപക്ഷം ഏത് പക്ഷത്താണെന്ന് പിന്നീട് മനസിലാകും. ആദ്യം അന്വേഷിക്കട്ടെ, അപ്പോള്‍ ആരാണ് കുറ്റവാളികളെന്ന് എല്ലാവര്‍ക്കും മനസിലാകും. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് അഭിപ്രായങ്ങള്‍ പറയുന്നത് അപക്വമായ കാര്യം. ഉത്തരവാദികളായ ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ല. ഇക്കാര്യത്താല്‍ സര്‍ക്കാരിനോ മുന്നണിക്കോ ക്ഷീണമായിട്ടില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും പ്രതിപക്ഷം ചര്‍ച്ച ചെയ്യാതെ സഭ അലങ്കോലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഇതിനെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. അതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പ്രവേശനത്തെ തടയാന്‍ കഴിയില്ല. ഇതിന്റെ പേരിലൊന്നും അത് തടയാനാകില്ല. ഇതിന്റെ ഉത്തരവാദി ആരാണെങ്കിലും സര്‍ക്കാരും പാര്‍ട്ടിയും ആവശ്യമായ നടപടി സ്വീകരിക്കും. അതില്‍ സംശയവുമില്ല. കോടതി പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തെയും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം

അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ആര്‍ രാജേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്വര്‍ണം ഉള്‍പ്പെടെയുളള ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം, സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണം, കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് വിജിലന്‍സ്. 2019 ലെ മഹസറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ല്‍ നവീകരിക്കാനായി വീണ്ടും സ്വര്‍ണപ്പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണം സംഘം കണ്ടെത്തി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.1998-99 ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlight; 'The government or the party has no need to protect anyone responsible'; MV Govindan responds

dot image
To advertise here,contact us
dot image