കൊലയ്ക്ക് ശേഷം എംജി ക്യാമ്പസ് പാറക്കുളത്തിൽ വലിച്ചെറിഞ്ഞു; നിർണായക വിവരങ്ങളുള്ള ജെസിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്

കൊലയ്ക്ക് ശേഷം എംജി ക്യാമ്പസ് പാറക്കുളത്തിൽ വലിച്ചെറിഞ്ഞു; നിർണായക വിവരങ്ങളുള്ള ജെസിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
dot image

കോട്ടയം: കാണക്കാരിയിലെ ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്. ജെസിയുടെ ഭര്‍ത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ ജോര്‍ജാണ് ഫോണുകള്‍ പാറക്കുളത്തില്‍ ഉപേക്ഷിച്ചത്. എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് 59കാരനായ സാം.

സാം

സെപ്തംബര്‍ 26-ാം തീയതിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. അതിന് ശേഷം നടന്ന പരിശോധനയില്‍ സാം ജോര്‍ജിന്റെ കാറില്‍ നിന്ന് രക്തക്കറയും ജെസിയുടേത് എന്ന് കരുതുന്ന മുടിയും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പ്രാഥമിക പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെത്തിയ വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ കാര്‍ വാഷിങ് സെന്ററില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാം ഉപയോഗിച്ച പെപ്പര്‍ സ്‌പ്രേ ബോട്ടിലും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഈ സ്‌പ്രേ മുഖത്തടിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൊലപാതകം നടത്തിയതെമന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ ഉപേക്ഷിച്ചതിന് ശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാര്‍ വാഷിങ് സെന്ററില്‍ കഴുകാന്‍ കൊടുക്കുകയായിരുന്നു. അതിന് ശേഷം ബസില്‍ എംജി യൂണിവേഴ്സിറ്റിയിലെത്തിയ ഇയാള്‍ ജെസിയുടെ ഫോണ്‍ മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ ഫോണ്‍ കണ്ടെത്തുന്നതിനായി സാമിനെയും കൂട്ടി പൊലീസ് കുളത്തിന് സമീപത്ത് എത്തിയെങ്കിലും ആഴമുള്ള പാറമടയായതിനാല്‍ തിരച്ചില്‍ നടത്താതെ മടങ്ങുകയായിരുന്നു.

മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ നേരത്ത കണ്ടെത്തിയിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സാമുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിന്ന് കാര്‍ കണ്ടെടുത്തത്. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേല്‍ ജെസി(49) 26ന് രാത്രി വീട്ടില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.

മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം 27 ന് പുലർച്ചെ സാം കൊച്ചിയിൽ എത്തി. തുടർന്ന് ഇറാനിയൻ സ്വദേശിനിയായ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് ബസ് കയറി ബെംഗളൂരുവിലേക്ക് കടന്നു. ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് പൊലീസ് സാമിനെ പിടികൂടിയത്.

കൊലപാതകത്തില്‍ ഇറാനിയന്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ടതോടെ വിട്ടയച്ചിരുന്നു.

Content Highlight; Crucial Evidence Recovered: Mobile Phone Used by Jessy Sam Found from M.G campus

dot image
To advertise here,contact us
dot image