
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ വിശദമായ അന്വേഷണം
നടത്തുമ്പോള്‍ ശബരിമലയില്‍ എന്തിനും ഏതിനും ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നാണ് വ്യക്തമാകുന്നത്. ഇതുസംബന്ധിച്ച നിര്‍ണായക മഹസര്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ശ്രീകോവില്‍ കട്ടിളയിലെ സ്വര്‍ണപ്പാളികളും പോറ്റിക്ക് കൈമാറി. 2019 മെയ് 18ന് കട്ടിളയുടെ ഏഴ് ഭാഗങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്.
ശ്രീകോവില്‍ കട്ടിളയിലെ സ്വര്‍ണപ്പാളിയും ചെമ്പെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ എവിടേക്കാണ് കൊണ്ടുപോയതെന്ന് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല. ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണപ്പാളിയും പോറ്റിക്ക് കൈമാറിയിരുന്നു.
2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ കൊഴുക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുത്തു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്.
സ്വർണപ്പാളി ചെമ്പുപാളിയായി മാറിയ സംഭവത്തിൽ ദുരൂഹതയേറുകയാണ്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പ് തകിടുകൾ ആണെന്ന ദേവസ്വം മഹസർ ഇന്നലെ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. സ്വർണപ്പാളി എടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ ചുമതലപ്പെടുത്തിയ തിരുവാഭരണം കമ്മീഷണർ മഹസറിൽ ഒപ്പു വച്ചില്ലെന്ന വിവരവും റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതോടെ ശബരിമലയിൽ എന്താണ് സംഭവിച്ചത് എന്നതിൽ ദുരൂഹത വർദ്ധിക്കുകയാണ്.
നേരത്തെ വിജയ് മല്യ ശബരിമലയിൽ ആകെ സ്വർണം പൂശിയപ്പോൾ ദ്വാരപാലക വിഗ്രഹങ്ങളുടെ പാളികൾ സ്വർണത്തിൽ പൊതിഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇവ കൈമാറുന്നതിന്റെ മൂന്നുമാസം മുമ്പുള്ള ദൃശ്യങ്ങളിലും അത് ചെമ്പല്ല സ്വർണം ആണെന്ന് വ്യക്തമായിരുന്നു. പിന്നെങ്ങനെയാണ് സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പു പാളികൾ ആയത് എന്നതാണ് എല്ലാവരെയും കുഴയ്ക്കുന്ന ചോദ്യം. ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ ദേവസ്വം ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ഇനി അന്വേഷണത്തിന്റെ പരിധിയിൽ വരും എന്നുറപ്പായി.
Content Highlights: unnikrishnan potty's sabarimala controvery case updates