
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഇന്നലെ ദേവസ്വം വിജിലൻസ് നടത്തിയ മൊഴിയെടുപ്പിലാണ് ആരോപണങ്ങളെ പാടേ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വർണം പൂശാൻ 15 ലക്ഷമായെന്നും ആ ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.
അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നാണ് ന്യായീകരണം. സഹായിയായ വാസുദേവൻ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നൽകി.
സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞു. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും പോറ്റി കൂടുതൽ വിശദീകരണം നൽകി. നടത്തിയത് പ്രാർത്ഥനകളും പൂജകളും മാത്രമാണെന്നും പാളികൾ ഉപയോഗിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജകൾ പോലും നടത്തിയത് സ്വന്തം ചിലവിലായിരുന്നെന്നും അദ്ദേഹം നൽകിയ മൊഴിയിലുണ്ട്.
പാളികൾ കൈമാറിയപ്പോൾ എന്ന് ചെന്നൈയിൽ എത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. തിരികെ ഏൽപ്പിക്കണമെന്ന് പറഞ്ഞ സമയത്തിനുള്ളിൽ നൽകി.സെപ്റ്റംബർ 19 ന് തിരികെ ഏൽപ്പിക്കണമെന്ന് പറഞ്ഞെങ്കിലും 8 ദിവസം മുൻപായി സെപ്റ്റംബർ 11 ന് പാളികൾ തിരിച്ചുനൽകി. ചെമ്പ് പാളികൾക്ക് കൊടുക്കേണ്ട പ്രാധാന്യം മാത്രമേ താൻ കൊടുത്തിട്ടുള്ളൂവെന്നും പോറ്റി വിജിലൻസിനോട് പറഞ്ഞു. സ്വർണപ്പാളി കൈമാറിയതും സ്ഥാപിച്ചതും സംബന്ധിച്ച രേഖകൾ ദേവസ്വം വിജിലൻസിന് പോറ്റി കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം വിജിലൻസ്. പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുന്നതും ആലോചനയിലുണ്ട്. മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതോടെ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. പാളികൾ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് എടുക്കുക.
ചില ഉദ്യോഗസ്ഥർ പോറ്റിയിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചുവെന്നും പോറ്റിയ സഹായിച്ചവരുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചവർ നിരീക്ഷണത്തിലാണ്.
Content Highlights: Unnikrishnan Potty's statement denying the allegations in the Sabarimala gold controversy