'പീഠം നേരില്‍ കൊണ്ടുപോയി കൊടുത്തു'; വിജിലന്‍സിന് മൊഴി നല്‍കി വാസുദേവൻ

ഈ മാസം 13ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ കൊണ്ടുപോയാണ് പീഠം നൽകിയതെന്ന് വാസുദേവൻ മൊഴി നൽകി

'പീഠം നേരില്‍ കൊണ്ടുപോയി കൊടുത്തു'; വിജിലന്‍സിന് മൊഴി നല്‍കി വാസുദേവൻ
dot image

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിന്റെ താങ്ങുപീഠ വിവാദത്തിൽ വിജിലന്‍സിന് മൊഴി നല്‍കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായി വാസുദേവൻ. വിവാദ പീഠം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിൽ കൊണ്ടുപോയി കൊടുത്തതാണെന്ന് വാസുദേവൻ വിജിലൻസിന് മൊഴി നൽകി. ഇക്കാര്യം റിപ്പോർട്ടറിനോടും വാസുദേവൻ സ്ഥിരീകരിച്ചു.

ഈ മാസം 13നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ കൊണ്ടുപോയി പീഠം നൽകിയത്. പീഠം യോജിക്കുന്നതല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പോറ്റി പരാതി നൽകിയ വാർത്ത കണ്ടാണ് പീഠം തിരിച്ചേൽപ്പിച്ചതെന്നും വാസുദേവൻ പറഞ്ഞു.

വാസുദേവന്റെ കയ്യിൽ പീഠമുള്ളത് തനിക്കറിയില്ലായിരുന്നുവെന്നും കോട്ടയം സ്വദേശിയായ അദ്ദേഹം പീഠം തന്നെ തിരിച്ചേൽപിക്കുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പീഠത്തിന്റെ സ്‌പോൺസർ കൂടിയായ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. 'തിരുവനന്തപുരത്തെ വീട്ടിൽ മാതാവ് മാത്രമുള്ളതിനാലാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയത്. എനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങിപോകേണ്ടതുണ്ടായിരുന്നു. വിലപിടിപ്പുള്ള വസ്തു വീട്ടിൽവെക്കേണ്ട എന്ന് കരുതി. നാലര വർഷം വാസുദേവന്റെ കൈവശം ആയിരുന്നു പീഠം. ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു'എന്നാണ് പോറ്റി പറഞ്ഞത്.

പീഠം കൈവശമുണ്ടെന്ന് വാസുദേവൻ തന്നെയാണ് വിജിലൻസിനോട് പറഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ സഹോദരിയുടെ വീട്ടിൽ പീഠമുണ്ടെന്ന് താൻ അറിയിക്കുകയായിരുന്നു എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. പീഠം തന്നെ ഏൽപ്പിച്ചാൽ പ്രശ്നം തീരുമെന്ന് വാസുദേവന് തോന്നിയെന്നും 2021 ജനുവരി ഒന്നിനാണ് പീഠം സന്നിധാനത്ത് എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി

എന്നാല്‍ താങ്ങുപീഠം സന്നിധാനത്തെത്തിയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വെളിപ്പെടുത്തി. അങ്ങനെയെങ്കില്‍ രേഖകളുണ്ടാകുമെന്നും അങ്ങനൊരു രേഖയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പീഠം കാണാനില്ലെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനൊരു വെളിപ്പെടുത്തല്‍ നടത്തി ദേവസ്വം ബോര്‍ഡിനെ അപമാനിച്ചതിന് അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

പി എസ് പ്രശാന്ത്

അറ്റകുറ്റപണിക്കായി കൊണ്ടുപോയ ദ്വരപാലക ശിൽപത്തിൽ നാലര കിലോ കുറഞ്ഞത് സ്വർണ്ണമല്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. നാലര കിലോയിൽ ഭൂരിഭാഗവും കുറഞ്ഞത് ചെമ്പിലാണെന്നാണ് ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ചെമ്പ് കുറഞ്ഞതിൻ്റെ ആനുപാതികമായി ചെറിയ അളവിൽ മാത്രമേ സ്വർണ്ണം കുറഞ്ഞിട്ടുള്ളൂ. മാലിന്യം കളയുമ്പോൾ തൂക്കത്തിൽ കുറവ് വന്നതാകാമെന്നാണ് നിഗമനമെന്നും ദേവസ്വം വിജിലൻസ് എസ് പി സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: sabarimala dwarapalaka peedam controversy; unnikrishnan potty explanation rejected helper Vasudevan

dot image
To advertise here,contact us
dot image