
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ഗംഗുഭായ് കത്ത്യാവാടി' നേടിയ വിജയം ചെറുതായിരുന്നില്ല. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച ചിത്രം ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ആലിയ ഭട്ടിന് നേടികൊടുത്തിരുന്നു. ആലിയ ഭട്ടിനെ അല്ലാതെ മറ്റൊരു നടിയെയും ഇപ്പോൾ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാൻ പോലും ആരാധകർക്ക് ആകുന്നില്ല.
ഇപ്പോഴിതാ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് റാണി മുഖർജിയെ ആയിരുന്നുവെന്ന് പറയുകയാണ് നടനും ഗായകനുമായ ആദിത്യ നാരായൺ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ഇദ്ദേഹം സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം പ്രവർത്തിച്ചിരുന്ന അനുഭവം പങ്കുവെക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാരതി സിംഗ്, ഹർഷ് ലിംബാച്ചിയ എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.
പുതിയ എന്തേലും പഠിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് ഞാൻ സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം ഗംഗുഭായിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം രണ്ട് തിരക്കഥകൾ ഉണ്ടായിരുന്നു: രാം-ലീലയും ഗംഗുഭായ് കത്ത്യാവാടിയും. ആ സമയത്ത് റാണി മുഖർജിയെ നായികയാക്കി ഗംഗുഭായ് എന്ന ചിത്രം ചെയ്യാൻ അദ്ദേഹം ആലോചിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം രണ്ട് തിരക്കഥകളും ഞങ്ങൾക്കെല്ലാവർക്കും നൽകി, ഏതാണ് മികച്ചതെന്ന് ചോദിച്ചു. രാം-ലീലയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്,' ആദിത്യ നാരായൺ പറഞ്ഞു.
content highlights: Rani Mukerji was initially considered for the film Gangubai Kathiawadi