'രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്;വിഷയത്തിൽ പ്രതിപക്ഷം നടത്തിയത് നാടകം'

'യു പ്രതിഭ എംഎല്‍എ ഇന്നലെ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് നിയമസഭയില്‍ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്'

'രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്;വിഷയത്തിൽ പ്രതിപക്ഷം നടത്തിയത് നാടകം'
dot image

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ കൊലവിളി പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മന്ത്രി എം ബി രാജേഷ്. സംഭവത്തില്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത് ഇന്നലെ ഉച്ചയ്ക്ക് ആണ്. പരാതി ലഭിച്ച ഉടന്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റൊരു പരാതിക്കാരനെ സമീപിച്ചപ്പോള്‍ തുടര്‍നടപടിക്ക് താല്‍പര്യമില്ല എന്നറിയിച്ചു.

ഈ വിഷയത്തിന്റെ പേരില്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത് നാടകമാണെന്നും മന്ത്രി പറഞ്ഞു. വിഷയം പ്രതിപക്ഷം ഗൗരവത്തില്‍ കണ്ടിരുന്നെങ്കില്‍ ഇന്നലെ തന്നെ അടിയന്തരപ്രമേയം ഉന്നയിക്കാമായിരുന്നല്ലോ എന്നും മന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് ഇന്നലെ അടിയന്തര പ്രമേയം ഉന്നയിക്കാതിരുന്നത്?. യു പ്രതിഭ എംഎല്‍എ ഇന്നലെ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് നിയമസഭയില്‍ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്. നാല് ദിവസത്തിന് ശേഷമാണ് പ്രകോപനകരമായി പ്രതിപക്ഷം പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.

എം ബി രാജേഷ്

രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശത്തില്‍ പോലും പ്രതികരിക്കാന്‍ നാല് ദിവസം വേണ്ടിവന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തങ്ങള്‍ക്ക് ഇതില്‍ ഒരു സന്തോഷമുണ്ട്. ആദ്യമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ആര്‍എസ്എസിനെതിരെ വാ തുറന്നു. വലിയ സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണ് ഇന്നെങ്കിലും ഈ പ്രശ്‌നം അവര്‍ ഉന്നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശത്തില്‍ പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞകാര്യത്തിന് പ്രാധാന്യമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞതോടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് സഭ വിട്ടിറങ്ങി. വിഷയത്തില്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പരാതികള്‍ ഇല്ല എന്ന് ഒരു സിപിഐഎം അംഗം പറഞ്ഞു. പരാതികള്‍ മുഴുവന്‍ തങ്ങള്‍ ഉയര്‍ത്തി. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകളാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിട്ടുണ്ട്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

Content Highlights- Minister m b rajesh on bjp spokeperson death threat against rahul gandhi

dot image
To advertise here,contact us
dot image