
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ കൊലവിളി പരാമര്‍ശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഭയന്ന് കഴിയുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ ആരോപിച്ചു. കൊലവിളി പരാമര്‍ശത്തിൽ ഇന്നലെയാണ് പേരിന് എഫ്ഐആർ ഇട്ടതെന്നും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലാണെന്നും യുഡിഎഫ് സമരം ഏറ്റെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തുവെന്നും പഞ്ചായത്ത്, കോർപ്പറേഷൻ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു. ഇന്നലെയും നിയമസഭയിൽ ഇക്കാര്യം ഉയർത്തിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പരാതികൾ ഇല്ല എന്ന് ഒരു സിപിഐഎം അംഗം ഇന്നലെ പറഞ്ഞുയ ആ പരാതികൾ മുഴുവൻ തങ്ങൾ ഇന്നലെ ഉയർത്തി കാട്ടി. ഈ വിഷയത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രകടനവും പാർട്ടിയുടെ പ്രകടനവുമൊക്കെ നോക്കിയാണോ ഭരിക്കുന്നവർ തീരുമാനിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിസാര സംഭവം എന്ന സ്പീക്കറുടെ മറുപടി വിചിത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധമാണ് വേണ്ടതെങ്കിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉണ്ടാകുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. തിരുത്തുന്നതിന് പകരം ബിജെപി വക്താവ് ഭീഷണി ആവർത്തിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ഡിസിസിയിൽ താൻ വാർത്താസമ്മേളനം വിളിച്ചിരുന്നു. പിന്നാലെ രണ്ട് പരാതികൾ കേരളത്തിൽ കൊടുത്തുവെന്നും ഒരു എംപി രേഖാമൂലം പരാതി നൽകിയെന്നും എന്നിട്ടും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും ഒരു നോട്ടീസ് പോലും കൊടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബിജെപി പോലും ഇക്കാര്യം പരസ്യമായി ന്യായീകരിക്കാൻ വന്നില്ല. പക്ഷേ സർക്കാർ സംരക്ഷിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.മുഖ്യമന്ത്രിയുടെ മൗനത്തിൽ സ്പീക്കർ ന്യായീകരിക്കുന്നു. സ്പീക്കർ സ്വീകരിച്ച നിലപാട് ഞെട്ടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പേര് പോലും പറയാൻ തയ്യാറായില്ല. ആരാണ് രാഹുൽ ഗാന്ധി എന്ന സ്പീക്കർക്ക് ഞങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight : Is it a trivial incident to say that Rahul Gandhi will be shot in the chest?; VD Satheesan