
അല്പനേരം കൈയ്ക്ക് മുകളില്‍ കിടക്കുകയോ, ചമ്രം പടിഞ്ഞ് ഇരിക്കുകയോ, ഒരേ പൊസിഷനില്‍ ഒരുപാട് നേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്ത ശേഷം എഴുന്നേല്‍ക്കുമ്പോള്‍ കൈകളിലും കാലിലും ഒരു തരിപ്പ് അനുഭവപ്പെടാറില്ലേ. ചെറിയ ചെറിയ സൂചികള്‍ ശരീരത്തില്‍ കുത്തിക്കയറുന്നത് പോലെ പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവം. എന്താണ് ഇതിന് കാരണമെന്നും അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അറിയാമോ?
ഈ അവസ്ഥയ്ക്ക് പറയുന്ന പേരാണ് ട്രാന്‍സിയന്റ് പരസ്തീഷ്യ. ഞരമ്പുകള്‍ ഞെരുങ്ങി രക്തയോട്ടം കുറയുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അല്പനേരം മാത്രം നില്‍ക്കുന്ന ഈ അവസ്ഥയെ പെട്ടെന്ന് മറികടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി.
കൈകള്‍ക്കാണ് സംഭവിക്കുന്നത് എങ്കില്‍ കൈകള്‍ മുഷ്ടി ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്യുക. മുഷ്ടിചുരുട്ടി ക്ലോക്ക് ഡയറക്ഷനിലും ആന്റി ക്ലോക്ക് ഡയറക്ഷനിലും ചുരുട്ടുന്നതും നന്നായിരിക്കും. അതല്ലെങ്കില്‍ കൈ നീട്ടിപ്പിടിച്ച് കൈപ്പത്തി താഴേക്ക് നിവര്‍ത്തിപ്പിടിത്ത് മറുകൈകൊണ്ട് വിരലുകളില്‍ പിടച്ച് കൈപത്തിയെ അകത്തേക്ക് വലിക്കാം. കാലുകളില്‍ ആണ് തരിപ്പെങ്കില്‍ കാല്‍ നിവര്‍ത്തിവച്ച് കാല്‍പാദം മുകളിലേക്കും താഴേത്തും സ്‌ട്രെച്ച് ചെയ്യാം. അല്ലെങ്കില്‍ എഴുന്നേറ്റ് നടക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഞരമ്പുകളിലെ പ്രഷര്‍ റിലീസായി അത് പൂര്‍വസ്ഥിതി പ്രാപിക്കുകയും രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചെയ്യും.
എന്നാല്‍ എല്ലാ തരിപ്പും നിസ്സാരമായി കാണരുത്. ഒരുപാട് നേരം നില്‍ക്കുന്നു, പതിവായി അനുഭവപ്പെടുന്നു, തരിപ്പിനൊപ്പം വേദനയും പുകച്ചിലും അനുഭവപ്പെടുന്നു, ശരീരത്തിന്റെ ഇരുവശത്തും അനുഭവപ്പെടുന്നു, ബലക്ഷയവും തളര്‍ച്ചയും അനുഭവപ്പെടുന്നു എങ്കില്‍ വൈകാതെ ഡോക്ടറെ കാണണം.
Content Highlights: What is Transient paresthesia?