തുരുത്തി ഇരട്ട ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം; പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫെന്ന് വാദം

പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം

തുരുത്തി ഇരട്ട ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം; പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫെന്ന് വാദം
dot image

കൊച്ചി: കൊച്ചി തുരുത്തിയിലെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫ് ഭരണസമിതിയാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. തുരുത്തി ഫ്‌ളാറ്റ് സമുച്ചയ പദ്ധതിക്ക് തുടക്കമിട്ടതD മുതല്‍ എല്ലാ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയത് യുഡിഎഫ് ഭരണസമിതി ആണെന്നും പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

'രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടി നടപ്പിലാക്കിയ ഭവന നിര്‍മാണ പദ്ധതിയാണത്. 394 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചേരി നിര്‍മാര്‍ജന പദ്ധതിയുടെ പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനുളള ശ്രമമാണ് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും നടത്തുന്നത്. ഈ പദ്ധതി തുടക്കം കുറിക്കുന്നത് യുഡിഎഫിന്റെ നേതൃത്വത്തിലാണ്. ജനങ്ങള്‍ക്കുവേണ്ടി, സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന എല്ലാ പദ്ധതികള്‍ക്കും എതിര് നിന്നിട്ടുളളവരാണ് സിപിഐഎമ്മും ഇടതുപക്ഷവും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമായാലും കൊച്ചി മെട്രോ ആയാലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമായാലും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചവര്‍ പിന്നീട് തങ്ങളുടെ കാലത്ത് ആ പദ്ധതികളുടെ പൂര്‍ത്തീകരണം നടക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും എടുക്കുകയാണ്': മുഹമ്മദ് ഷിയാസ് പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെയാണ് ക്രെഡിറ്റിനെച്ചൊല്ലിയുളള വിവാദവും ഉണ്ടായിരിക്കുന്നത്.

വിവാദത്തിൽ കൊച്ചി മേയര്‍ കെ അനില്‍ കുമാറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ക്രെഡിറ്റെല്ലാം ഡിസിസി പ്രസിഡന്റ് അടിച്ചെടുത്തോട്ടെയെന്നും അതോടെ പ്രശ്‌നം തീര്‍ന്നില്ലേ എന്നുമായിരുന്നു അനിൽ കുമാറിന്റെ പരിഹാസം. 'മലയാളിയുടെ സാമാന്യബോധത്തെ ചോദ്യംചെയ്യരുത്. ഒരു പദ്ധതി വരുന്നു, എന്റെ ജോലി ഞാന്‍ നിര്‍വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ ജോലി ഞങ്ങള്‍ നിര്‍വഹിച്ചു. കൂട്ടായ പരിശ്രമം നടത്തി. എന്റെ വലിയ നേട്ടമായി ഞാനത് പറഞ്ഞിട്ടില്ല. എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനുളളതാണ്. പാവപ്പെട്ട മനുഷ്യര്‍ സന്തോഷത്തിലാണ്. ആ സന്തോഷത്തില്‍ പങ്കുചേരേണ്ട സന്ദര്‍ഭത്തില്‍ പരസ്പരം രാഷ്ട്രീയം പറഞ്ഞ് ചെളിവാരി എറിയുക എന്നത് മലയാളിക്ക് ഒട്ടും ചേര്‍ന്ന കാര്യമാണെന്ന് തോന്നുന്നില്ല. ഈ പദ്ധതിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ പണമുണ്ട്. 50 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും ബാക്കി കൊച്ചി കോര്‍പ്പറേഷനുമാണ്. ഇനി അത് കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ എന്ത് ചെയ്യും? ഇതൊക്കെ ജനങ്ങളുടെ നികുതിപ്പണമല്ലേ? സാധാരണ മനുഷ്യര്‍ക്ക് ഫ്‌ളാറ്റ് കിട്ടി എന്നതിലാണ് സന്തോഷം':കെ അനിൽ കുമാർ പറഞ്ഞു.

Content Highlights: Dispute over credit for the Thuruthi Twin flat complex: UDF initiated the project says mhd. shiyas

dot image
To advertise here,contact us
dot image