
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ് പ്രതിഷേധം. പത്തനംതിട്ട കലഞ്ഞൂരില്‍ മാത്രം രണ്ട് ഫ്‌ളക്‌സുകളാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'മന്നത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വഞ്ചിച്ചു. ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ. നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍.' എന്ന ഉള്ളടക്കത്തോടെയാണ് ഇരു ഫ്‌ളക്‌സുകളും ഉയര്‍ന്നിരിക്കുന്നത്.
പത്തനംതിട്ടയിലേത് കൂടാതെ ഇന്ന് ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍ ഉയര്‍ന്നിരുന്നു. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ഭാഗമായ ശാസ്താംകോട്ട വേങ്ങയിലാണ് വീണ്ടും പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേടെന്നും ബാനറില്‍ വിമര്‍ശനമുണ്ട്. 'സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വിശ്വാസങ്ങള്‍ക്കും സാമുദായിക കാഴ്ചപ്പാടുകള്‍ക്കും അതീതമോ'യെന്നും ഫ്‌ളക്‌സില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. എന്‍ എസ് എസ് ട്രഷര്‍ അഡ്വ എന്‍ വി അയ്യപ്പന്‍ പിള്ളയുടെ താലൂക്കിൽപ്പെട്ട കരയോഗത്തിന് മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍' എന്നാണ് ഫ്ളക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ടായിരുന്നു. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Content Highlight; Banner protest against G Sukumaran Nair at Pathanamthitta and Kollam