
ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. തമിഴിനെ കൂടാതെ തെലുങ്കിലും നടന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിപ്പിക്കുന്ന ചർച്ചയാകുന്നത്.
പവർ സ്റ്റാർ പവൻ കല്യാൺ ചിത്രമായ ഒജി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആന്ധ്രയിലെ ഒരു തിയേറ്ററിൽ പവൻ കല്യാൺ ആരാധകർക്കൊപ്പം സിനിമ കാണുന്ന വീഡിയോ പ്രദീപ് പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. 'ഞാൻ ഇപ്പോൾ ഹൈദരാബാദ് വരാൻ ഒരേയൊരു കാരണം പവർ സ്റ്റാർ പവൻ കല്യാൺ ആണ്' എന്ന ക്യാപ്ഷനൊപ്പമാണ് പ്രദീപ് ട്വീറ്റ് പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ഈ ട്വീറ്റ് വൈറലായത്. ഇതെല്ലാം പ്രദീപിന്റെ മാർക്കറ്റിങ് തന്ത്രമാണെന്നും തെലുങ്കിൽ ആരാധകരെ സൃഷ്ടിക്കാനുള്ള നീക്കമാണെന്നുമാണ് ഒരു വിഭാഗം കമന്റ് ചെയ്യുന്നത്. ദീപാവലി റിലീസായി പ്രദീപിന്റെ പുതിയ ചിത്രമിറങ്ങുന്നുണ്ട്. ഈ സിനിമയെ തെലുങ്കിൽ വിജയിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് അഭിപ്രായങ്ങൾ. ഇത്തരം ട്വീറ്റുകൾ ഇടുന്നത് വഴി പവൻ കല്യാൺ ആരാധകർ കൂടി പ്രദീപിന്റെ സിനിമയെ സപ്പോർട്ട് ചെയ്യുമെന്നാണ് മറ്റു ചിലരുടെ കമന്റ്.
തെലുങ്കന്മാരുടെ സപ്പോർട്ട് കിട്ടാൻ വേണ്ടി ചെയ്യുന്ന PR ഗിമ്മിക്ക് https://t.co/WFFzjTKag4
— Morpheus (@morpheus_1) September 26, 2025
നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ഡ്യൂഡ് ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങും. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.
Content Highlights: Pradeep ranganadhan new tweet gets trolled