ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക ഓട്ടോണമസ് സോൺ; പ്രഖ്യാപിച്ച് ദുബായ്

നിശ്ചിത സോണില്‍ സ്വയം നിയന്ത്രിത ടാക്‌സി, ഷട്ടില്‍ ബസ്, അബ്ര എന്നിവയിലെല്ലാം സഞ്ചരിക്കാവുന്ന വിധം പരസ്പരം ബന്ധപ്പെടുത്തിയാണ് പ്രത്യേക സോണ്‍ ക്രമീകരിച്ചിരിക്കുന്നത്.

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക ഓട്ടോണമസ് സോൺ; പ്രഖ്യാപിച്ച് ദുബായ്
dot image

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് പ്രത്യേക ഓട്ടോണമസ് സോണ്‍ പ്രഖ്യാപിച്ച് ദുബായ്. പുതിയതായി പുറത്തിറക്കുന്ന അപ്പോളോ ഗോ ടാക്‌സിയുടെ പരീക്ഷണ ഓട്ടവും ദുബായില്‍ നടന്നു. ദുബായില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇത്തരം വാഹനങ്ങള്‍ക്കായി പ്രത്യേകസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കര, കടല്‍ യാത്രകള്‍ സമന്വയിപ്പിച്ചാണ് സെല്‍ഫ് ഡ്രൈവിങ് മേഖല സജ്ജമാക്കിയിരിക്കുന്നത്. ദുബായ് മെട്രോ ഗ്രീന്‍ ലൈനിലെ ക്രീക്ക് സ്റ്റേഷന്‍, ക്രീക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി എന്നീ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2030ഓടെ 25 ശതമാനം ഗതാഗതവും സുസ്ഥിരവും ഡ്രൈവര്‍ രഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിശ്ചിത സോണില്‍ സ്വയം നിയന്ത്രിത ടാക്‌സി, ഷട്ടില്‍ ബസ്, അബ്ര എന്നിവയിലെല്ലാം സഞ്ചരിക്കാവുന്ന വിധം പരസ്പരം ബന്ധപ്പെടുത്തിയാണ് പ്രത്യേക സോണ്‍ ക്രമീകരിച്ചിരിക്കുന്നത്.

ജുമൈറ റോഡില്‍ നാല് കിലോമീറ്റര്‍ ദൂരം സെല്‍ഫ് ഡ്രൈവിംഗ് അപ്പോളോ ഗോ ടാക്‌സിയുടെ പരീക്ഷണ ഓട്ടവും നടത്തി. സുരക്ഷിതമായ യാത്രയും മികച്ച യാതാ അനുഭവഭവുമാണ് ഡ്രാവറില്ലാ ടാക്‌സികള്‍ വാഗ്ദാനം ചെയ്യുന്നത്. യുഎഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം അപ്പോളോ ഗോ ടാക്‌സികള്‍ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍ ആപ്പിലൂടെ യാത്രക്കായി വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.

പിന്‍ കോഡ് ഉപയോഗിച്ച് മാത്രമേ കാര്‍ ആക്സസ് ചെയ്യാന്‍ കഴിയൂ. നാല് സീറ്റുകളാണ് ഓട്ടോണമസ് ടാക്‌സിക്കുള്ളത്. എന്നാല്‍ അപ്പോളോ ഗോയില്‍ മൂന്ന് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. മുന്നില്‍ ഒരാള്‍ക്കും പിന്നില്‍ രണ്ട് പേര്‍ക്കും യാത്ര ചെയ്യാനാകും. 'ഡ്രൈവര്‍' സീറ്റില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചതിനുശേഷം മാത്രമേ അപ്പോളോ യാത്ര ആരംഭിക്കുകയുള്ളൂ.

Content Highlights: Dubai Announces 15-km Dedicated Corridor For Driverless Vehicles

dot image
To advertise here,contact us
dot image