ബദല്‍ അയ്യപ്പ സംഗമത്തിലെ വിദ്വേഷ പരാമര്‍ശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ വിദ്വേഷ പരാമര്‍ശം

ബദല്‍ അയ്യപ്പ സംഗമത്തിലെ വിദ്വേഷ പരാമര്‍ശം; ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
dot image

പത്തനംതിട്ട: ബദല്‍ അയ്യപ്പ സംഗമത്തിലെ വിദ്വേഷ പരാമര്‍ശത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹർഷി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഒക്ടോബര്‍ 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്. ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര്‍, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മ എന്നിവർ നൽകിയ പരാതിയിലായിരുന്നു പന്തളം പൊലീസ് കേസെടുത്തത്.

വാവര് സ്വാമിയെ ശാന്താനന്ദ മഹര്‍ഷി മോശമായി ചിത്രീകരിച്ചെന്നായിരുന്നു പ്രദീപ് വര്‍മ്മ നല്‍കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്‌ലിം മതസൗഹാര്‍ദം തകര്‍ക്കുമെന്നും സിപിഐഎം പന്തളം ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് വര്‍മ്മ പരാതിയില്‍ ഉന്നയിച്ചിരുന്നു. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയന്നെും കാണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാതി.

അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ എത്തിയ ആളാണ് വാവരെന്ന് ശാന്താനന്ദ മഹര്‍ഷി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 'വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. 'വാപുരന്‍ എന്ന് പറയുന്നത് ഇല്ലപോലും. 25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്' എന്നും ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സര്‍ക്കാരും ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ ആയാണ് ഹൈന്ദവ സംഘടകള്‍ ശബരിമല സംരക്ഷണ സംഗമം എന്ന പേരില്‍ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്. ശബരിമല കർമ്മ സമിതിയായിരുന്നു പരിപാടിക്ക് നേതൃത്വം നൽകിയത്.

Content Highlight; hate speech of shantananda maharshi; High Court stays arrest

dot image
To advertise here,contact us
dot image