'ആസിഫ് കരയുമ്പോൾ നമ്മളും കരയും, കണ്ണുകൾ കൊണ്ട് ഞെട്ടിക്കുന്ന നടൻ'; ചർച്ചയായി സർക്കീട്ടിലെ പ്രകടനം

ഗംഭീര പെർഫോമൻസ് ആണ് ആസിഫ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും നടന്റെ കണ്ണുകൾ കൊണ്ടുള്ള അഭിനയം ഞെട്ടിച്ചെന്നും അഭിപ്രായങ്ങൾ ഉണ്ട്

'ആസിഫ് കരയുമ്പോൾ നമ്മളും കരയും, കണ്ണുകൾ കൊണ്ട് ഞെട്ടിക്കുന്ന നടൻ'; ചർച്ചയായി സർക്കീട്ടിലെ പ്രകടനം
dot image

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ "സർക്കീട്ട്" മികച്ച പ്രതികരണമായിരുന്നു തിയേറ്ററിൽ ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നേറാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം തന്നെ കയ്യടി നേടുകയാണ് ആസിഫ് അലിയും.

ചിത്രത്തിലെ ഗൾഫിൽ ജോലി തേടി അലയുന്ന ആസിഫിന്റെ അമീർ എന്ന കഥാപാത്രത്തെ പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്നു എന്നാണ് കമന്റുകൾ. ഗംഭീര പെർഫോമൻസ് ആണ് ആസിഫ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും നടന്റെ കണ്ണുകൾ കൊണ്ടുള്ള അഭിനയം ഞെട്ടിച്ചെന്നും അഭിപ്രായങ്ങൾ ഉണ്ട്. ചിത്രത്തിലെ സീനുകൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ആസിഫ് കരയുമ്പോൾ പ്രേക്ഷകരും കൂടെ കരയുമെന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. താമർ കെ വിയാണ് ഈ ഫീൽ ഗുഡ് ഫാമിലി ചിത്രം രചിച്ചതും സംവിധാനം ചെയ്തതും. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ ഈ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്തത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ഷൂട്ട് ചെയ്തത്. പ്രവാസി ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനൊപ്പം ബാലതാരം ഓർഹാന്റെ മികച്ച പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിച്ചത്.

ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയാസ് ഹസൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീതം, സംഗീത് പ്രതാപ് ചിത്രത്തിൻ്റ എഡിറ്ററുമാണ്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ പിആർഒമാർ.

Content Highlights: Asif Ali's performance in Sarket goes viral

dot image
To advertise here,contact us
dot image