അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം:സജി ചെറിയാനോട് തന്നെ ചോദിക്കണം; വിഷയം LDFൽ ചർച്ച ചെയ്യേണ്ടതില്ല: ബിനോയ് വിശ്വം

'സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല'

അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം:സജി ചെറിയാനോട് തന്നെ ചോദിക്കണം; വിഷയം LDFൽ ചർച്ച ചെയ്യേണ്ടതില്ല: ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിലും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും. മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ് നിലപാടിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ അത് പറയട്ടെ. ഇത് പോസിറ്റീവായി കാണുന്നു. തങ്ങള്‍ അവരെ കാണുന്നത് ശത്രുക്കള്‍ ആയല്ല. എന്‍എസ്എസിനോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പതമനാഭന്റെ ആദര്‍ശം ഉയര്‍ത്തി പിടിക്കുന്നതുവരെ എന്‍എസ്എസ് നിലപാട് ശരിയെന്ന് പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍വിമർശനവുമായി രംഗത്തെത്തി. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Content Highlights- Binoy viswam on government tribute to Mata Amritanandamayi

dot image
To advertise here,contact us
dot image