
യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ ജലധാര വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്ന് മുതലാണ് ഡൗൺടൗണിനെ ദുബായ് ഫൗണ്ടൻ ജലധാര പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് മാസക്കാലം ദുബായ് ഫൗണ്ടൻ അടച്ചിട്ടിരിക്കുകയായിരുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കുമാണ് ജലധാരയുടെ പ്രദർശനമുണ്ടാകുക. വെള്ളിയാഴ്ചകളിൽ ഇത് രണ്ട് മണിക്കും രണ്ടര മണിയ്ക്കുമാണ്. വൈകുന്നേരങ്ങളിൽ ആറ് മണി മുതൽ 11 മണി വരെ ഓരോ അര മണിക്കൂറിലും ജലധാരയുടെ പ്രദർശനമുണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ കോറിയോഗ്രാഫ് ചെയ്ത ഫൗണ്ടൻ സിസ്റ്റം വീണ്ടും തുറക്കുന്നത് സ്വദേശികൾക്കിടയിലും അന്താരാഷ്ട്ര സന്ദർശകർക്കിടയിലും ഇതിനകം തന്നെ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ദുബായ് ഫൗണ്ടന്റെ തിരിച്ചുവരവിനായി വിനോദസഞ്ചാരികൾ കാത്തിരിക്കുകയാണ്.
ദുബായ് ഫൗണ്ടന്റെ ആദ്യ പ്രദർശനങ്ങൾ കാണുവാൻ തന്നെ വലിയ ജനക്കൂട്ടത്തെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ദുബായ് ഫൗണ്ടൻ, ജലം, വെളിച്ചം, സംഗീതം എന്നിവ ചേരുന്ന ഒരു ഐക്കണിക് അനുഭവങ്ങളിലൊന്നായി മാറിയിട്ടുണ്ട്. 2020ൽ നിലവിൽ വന്നതുമുതൽ വലിയ ജനത്തിരിക്കാണ് ദുബായ് ഫൗണ്ടനിൽ അനുഭവപ്പെട്ടുകൊണ്ടിരുന്നത്.
Content Highlights: Dubai Fountain reopens October 1