
കൊച്ചി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പലസ്തീനൊപ്പമായിരുന്നുവെന്ന് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷ്. യുഎന്‍ 1947-ല്‍ പലസ്തീന്‍ വിഭജനത്തിനായുളള പ്ലാന്‍ പറഞ്ഞപ്പോള്‍ മഹാത്മാഗാന്ധി അതിനെ എതിര്‍ത്തിരുന്നെന്നും ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്ക് എങ്ങനെയാണോ അതുപോലെയാണ് പലസ്തീനികള്‍ക്ക് പലസ്തീന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അബ്ദുളള മുഹമ്മദ് അബു ഷവേഷ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മഹാത്മാഗാന്ധി പലസ്തീനൊപ്പമായിരുന്നു. 1947-ല്‍ യുഎന്‍ പലസ്തീന്‍ വിഭജനത്തെക്കുറിച്ചുളള പ്ലാന്‍ പറഞ്ഞപ്പോള്‍ ഇന്ത്യ അതിന് എതിരായിരുന്നു. മഹാത്മാഗാന്ധി അന്ന് പറഞ്ഞത്, ഇംഗ്ലണ്ട് എങ്ങനെ ഇംഗ്ലീഷുകാര്‍ക്ക് സ്വന്തമാണോ അതുപോലെ പലസ്തീന്‍ പലസ്തീനികള്‍ക്ക് സ്വന്തമാണ് എന്നാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സ്വന്തം നാട്ടില്‍ നിന്ന് ഞങ്ങള്‍ പടിയിറക്കപ്പെടുകയാണ്. ഞാനും ഗാസയിലെ അഭയാര്‍ത്ഥി ക്യാംപിലാണ് ജനിച്ചത്. എന്റെ മുഴുവന്‍ കുടുംബവും അഭയാര്‍ത്ഥി ക്യാംപിലാണ് ജീവിച്ചത്. ദുരിതമനുഭവിക്കുക എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞങ്ങള്‍ക്കറിയാം. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്നും ഞങ്ങള്‍ക്കറിയാം. അത് ഇസ്രയേലാണ്. ഇസ്രയേലിന്റെ അതിനിവേശമാണ്': പലസ്തീന്‍ അംബാസഡര്‍ പറഞ്ഞു.
പലസ്തീനില്‍ നടക്കുന്നത് മുസ്‌ലിം- ജൂത പ്രശ്‌നമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. 'അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ പ്രശ്‌നമാണിത്. അവര്‍ ജൂതന്മാരും ഞങ്ങള്‍ മുസ്‌ലിങ്ങളുമായതുകൊണ്ട് ഉണ്ടായ പ്രശ്‌നമല്ലിത്. ഞങ്ങള്‍ പലസ്തീനികളായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് ഒരു മതവിഭാഗങ്ങളുമായും യാതൊരു പ്രശ്‌നവുമില്ല. മഹാത്മാഗാന്ധിയെ ഞങ്ങള്‍ പലസ്തീനികള്‍ മഹാനായ നേതാവായാണ് കാണുന്നത്. പലസ്തീന്‍ വിഭജനത്തെ എതിര്‍ത്ത നേതാവാണ് അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റുവും ഭഗത് സിംഗും ഞങ്ങള്‍ക്ക് മഹാന്മാരായ നേതാക്കളാണ്. അറബ് രാജ്യങ്ങള്‍ക്കൊപ്പം പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ഇന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ പലസ്തീനൊപ്പം ഭാവിയിലും നില്‍ക്കുമെന്ന് ഉറപ്പാണ് ': അബ്ദുളള മുഹമ്മദ് അബു പറഞ്ഞു.
ഗാസയില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകം അറിയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും അതിനാല്‍ ഓരോ സമൂഹമാധ്യമ പോസ്റ്റും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 'പലസ്തീനിലെ ജനങ്ങള്‍ അനുഭവിക്കുന്നത്, നിങ്ങളുടെ സഹോദരിമാരും കുഞ്ഞുങ്ങളും അനുഭവിക്കുന്നത് ലോകമറിയാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കണം. ഞങ്ങള്‍ പലസ്തീനികള്‍ ഒരിക്കലും ഒരു തരത്തിലും ആര്‍ക്കെതിരെയുമുളള തീവ്രവാദ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല. ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ല. ഞങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ അനുവദിക്കില്ല. വര്‍ഷങ്ങള്‍ മുന്‍പ് ഇന്ത്യയും ബ്രിട്ടീഷ് അധീനതയിലായിരുന്നു. നിങ്ങള്‍ പോരാടി. ഒടുവില്‍ സ്വതന്ത്രരായി. അതുപോലെ ഞങ്ങളും പോരാട്ടം തുടരും. ഒരിക്കല്‍ ഞങ്ങളും സ്വതന്ത്രരാകും': അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Mahatma Gandhi said Palestine belongs to Palestinians: Palestinian ambassador at Gaza solidarity rally