കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്
dot image

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളത്തെ വീട്ടിൽ നിന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.

കെ എം ഷാജഹാനെതിരെ കെ ജെ ഷൈന്‍ നല്‍കിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് ഉച്ചയോടെയായിരുന്നു ഷാജഹാനെതിരെ കെ ജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജഹാനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ എത്തി ഷാജഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ എത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയായിരുന്നു കെ എം ഷാജഹാനെതിരെ കെ ജെ ഷൈന്‍ ആദ്യം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജഹാനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. ഈ കേസിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇയാളെ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ കെ ജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയത്.

നേരത്തേ കെ എം ഷാജഹാനെതിരെ നാല് സിപിഐഎം എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. വൈപിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്.എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നതായി എംഎല്‍എമാര്‍ പറഞ്ഞിരുന്നു. വാസ്തവ വിരുദ്ധ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു എംഎല്‍എമാര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനിജിന്‍ എംഎല്‍എയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight : Cyber ​​attack against K J Shine; Police take KM Shahjahan into custody

dot image
To advertise here,contact us
dot image