
ഷാര്‍ജയില്‍ കുറഞ്ഞ വിലക്ക് താമസ കെട്ടിടം വാഗ്ദാനം ചെയത് കോടികളുടെ തട്ടിപ്പ്. നിരവധി പേരെ കബളിപ്പിച്ച 13 പേരടങ്ങുന്ന പ്രവാസി സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണവും ശക്തമാക്കി.
കുറഞ്ഞ നിരക്കില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണവും നല്‍കി. പരസ്യത്തില്‍ ആകൃഷ്ടരായി എത്തുന്ന ഇടപാടുകാരെ വിവിധ കെട്ടിടങ്ങള്‍ ഇവര്‍ കാണിക്കും. പിന്നാലെ കരാര്‍ ഒപ്പിട്ട് പണം കൈക്കലാക്കുകയാരുന്നു ഇവരുടെ രീതി. നിരവധി പ്രവാസികള്‍ക്കാണ് തട്ടിപ്പിന് ഇരയായി പണം നഷ്ടമായത്. ഇത്തരത്തില്‍ വഞ്ചിക്കെട്ടപെട്ട ഒരാള്‍ പരാതിയുമായി ഷാര്‍ജ പൊലീസിന് മുന്നില്‍ എത്തിയതോടെയാണ് അന്വേഷണം തട്ടിപ്പ് സംഘത്തിലേക്ക് എത്തിയത്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രവാസികളായ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തട്ടിപ്പിന് ഇരയായ കൂടുതല്‍ ആളുകളും പരാതിയുമായി രംഗത്ത് എത്തുന്നുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങള്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ വാഗ്ദാനത്തില്‍ ആകൃഷ്ടരായി പണം നല്‍കുന്നതിന് മുന്‍പ് ആധികാരികത ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.
Content Highlights: 13 arrested for fraud of crores by promising cheap residential buildings