രേഖകളില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഒമാൻ

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കെടുക്കുന്നതായും തൊഴില്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്

രേഖകളില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഒമാൻ
dot image

ഒമാനില്‍ കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കും അവരെ തൊഴിലിന് നിയോഗിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. ഇത്തരക്കാര്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഒമാനില്‍ അനധികൃത തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ രാജ്യത്തേക്ക് എത്തുന്നത് നുഴഞ്ഞുകയറ്റമാണ്. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്‍ ഫോറിനേഴ്സ് റെസിഡന്‍സി നിയമം അനുസരിച്ച്, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമെ 500 റിയാല്‍ വരെ പിഴയും ഈടാക്കും.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കെടുക്കുന്നതായും തൊഴില്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പലരും സ്വന്തം രാജ്യങ്ങളില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായിരിക്കാമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്നതും ജോലിക്ക് നിയമിക്കുന്നതും ഗുരുതരമായ കുറ്റമാണ്.

അനധികൃത തൊഴിലാളികല്‍ക്ക് അഭയം നല്‍കുന്നവര്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. രണ്ടായിരം റിയാല്‍ വരെയാണ് ഇത്തരക്കാര്‍ക്ക് പിഴ. യാതൊരു രേഖകളുമില്ലാതെ ആളുകളെ താമസിപ്പിക്കുന്നതും താമസ സൗകര്യം നല്‍കുന്നതും മൂലമുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി ബോധവത്ക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Entring Oman without documents will face severe punishment

dot image
To advertise here,contact us
dot image