
കല്‍പ്പറ്റ: വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചൻ്റെ രാജി സ്വമേധയായെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. പഴയ തലമുറയിലെ ഊർജ്ജസ്വലനായ മുഖമാണ് അപ്പച്ചൻ. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചാണ് അദ്ദേഹം മുന്നോട്ടുപോയിരുന്നത്. പ്രായം മറന്നുകൊണ്ട് കഠിനധ്വാനം ചെയ്ത വ്യക്തിയാണ് അപ്പച്ചനെന്നും ടി സിദ്ദിഖ് പറഞ്ഞു.
രാജിവെയ്ക്കാൻ ആഗ്രഹമുണ്ടെന്ന് തന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. പല നേതാക്കളോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. രാജിയിൽ വിവാദമോ പ്രശ്നങ്ങളോയില്ലെന്നും തുടർനടപടികളിലേക്ക് പാർട്ടികടക്കുമെന്നും സിദ്ദിഖ് പറഞ്ഞു.രാജി പാർട്ടിക്ക് തിരിച്ചടിയല്ല. അപ്പച്ചനെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം നേതൃത്വം ഉണ്ടാക്കും. രാജിയിൽ പ്രിയങ്ക ഗാന്ധി ഇടപെട്ടിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഇന്നായിരുന്നു വയനാട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചത്. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണങ്ങൾ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എൻ ഡി അപ്പച്ചൻ്റെ രാജി ചോദിച്ചുവാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് സൂചന. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ദിഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ട്. , കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
Content Highlight : T Siddique says ND Appachan's resignation was voluntary, an energetic face of the older generation