കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാന്‍ അറസ്റ്റില്‍

യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാന്‍ അറസ്റ്റില്‍
dot image

തിരുവനന്തപുരം: സിപി ഐഎം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ കെ ജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അതിനുപിന്നാലെയാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

കെ എം ഷാജഹാനെ അര്‍ധരാത്രിയോടുകൂടി കൊച്ചിയിലെത്തിക്കും. നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു ഇയാള്‍. പരാതി നല്‍കിയിട്ടും നിയമപരമായ നടപടികളുണ്ടായിട്ടും അധിക്ഷേപം തുടരുകയായിരുന്നു. കൂടുതല്‍ വീഡിയോകള്‍ ചാനലിലൂടെ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കെ ജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയത്. തുടര്‍ന്നാണ് ഷാജഹാന്റെ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് പൊലീസ് കടന്നത്.

കഴിഞ്ഞ ദിവസം ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നടന്നത്. . വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അന്വേഷണ സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാനെതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.  'പരനാറി' മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഷാജഹാൻ കയറിയ ഓട്ടോറിക്ഷയും പ്രവർത്തകർ തടഞ്ഞിരുന്നു.

Content Highlights: Youtuber KM Shajahan arrested in k j shine complaint

dot image
To advertise here,contact us
dot image