പലസ്തീൻ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണ്; ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറന്നു: പി കെ കുഞ്ഞാലിക്കുട്ടി

ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ലെന്നും എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

പലസ്തീൻ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണ്; ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറന്നു: പി കെ കുഞ്ഞാലിക്കുട്ടി
dot image

കൊച്ചി: ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പലസ്തീന്‍ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണെന്നും ഇന്ന് രാജ്യം ഭരിക്കുന്നവര്‍ അത് മറന്നിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ലെന്നും എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന മുസ്‌ലീം ലീഗ് ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍. പലസ്തീനിലെ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. അതിന് വംശഹത്യയാണോ പരിഹാരം? മറ്റൊരു പോംവഴിയില്ലേ? ലോകരാജ്യങ്ങള്‍ എന്താണ് മിണ്ടാത്തത്? ഇപ്പോള്‍ ഫ്രാന്‍സും ബ്രിട്ടനും മറ്റ് ചില രാജ്യങ്ങളും പലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കാന്‍ തയ്യാറാവുന്നുണ്ട്. അമേരിക്ക ഇതുവരെ അതിന് തയ്യാറായിട്ടില്ല. അവര്‍ ലോകജനതയെ വെല്ലുവിളിക്കുകയാണ്. നമുക്ക് മിണ്ടാതിരിക്കാനാവുമോ? ജാതിമത വ്യത്യാസമില്ലാതെ ഹൈന്ദവ പുരോഹിതരും ക്രൈസ്തവ മേലധ്യക്ഷന്മാരും ഇസ്‌ലാം മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ചിന്തകരും എല്ലാവരും ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് എതിരായി ശബ്ദിക്കുകയാണ്. ലോകത്ത് ഒരുപാട് പേര്‍ ആ മനുഷ്യക്കുരുതിക്കെതിരായി ശബ്ദിക്കുന്നവരാണ്. ഒരിറ്റു കണ്ണീര്, ഒരു വാക്ക്, അതെങ്കിലും ആ മനുഷ്യക്കുരുതിക്കെതിരായി, ആ കുഞ്ഞുങ്ങള്‍ക്കായി നമ്മള്‍ ചെയ്തില്ലെങ്കില്‍ തെറ്റായിപ്പോകും. കുഞ്ഞുങ്ങളുടെ കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ല. എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണം. ദുഷ്ടതയ്‌ക്കെതിരായ യുദ്ധത്തില്‍ മുസ്‌ലീം ലീഗും അണിചേരുന്നു': പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ഗാസയിലേക്ക് വിദേശ മാധ്യമപ്രവർത്തകരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി ബിബിസി അടക്കമുളള മാധ്യമങ്ങൾ രംഗത്തെത്തി. ബിബിസിയ്‌ക്കൊപ്പം ഏജൻസി ഫ്രാൻസ്-പ്രസെ(എഎഫ്പി), അസോസിയേറ്റഡ് പ്രസ്(എപി), റോയിട്ടേഴ്‌സ് എന്നിവർ ചേർന്നാണ് ഇസ്രയേലിന് മുൻപിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സമയത്ത് എങ്ങനെയാണ് മാധ്യമങ്ങൾ നിർണായകമായ റിപ്പോർട്ടിംഗ് നടത്തിയതെന്ന് വ്യക്തമാക്കുന്ന വീഡിയോയും ഇവർ പുറത്തിറക്കിയിട്ടുണ്ട്.

Content Highlights: India recognized that Palestine belongs to the Arabs says PK Kunhalikkutty

dot image
To advertise here,contact us
dot image