
കട്ടപ്പന: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബിജെപി നേതാവ് പി സി ജോർജ്.
വെള്ളാപ്പള്ളിയെ പിണറായി എങ്ങനെ ചാക്കിട്ടുവെന്ന് തനിക്ക് അറിയാം. പക്ഷെ കുറ്റപ്പെടുത്തുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു. പിണറായി തൻ്റെ വാഹനത്തിൽ ഭാര്യയേയും മക്കളേയും മാത്രമേ കയറ്റാറുള്ളൂ. ആദ്യമായിട്ടാണ് പുറത്തുനിന്ന് ഒരാൾ വാഹനത്തിൽ കയറിയതെന്നും പിസി ജോർജ് പറഞ്ഞു.
അടുത്ത ഭരണം വരുമ്പോൾ പിണറായി സെൻട്രൽ ജയലിൽ പോകുമെന്നും പി സി ജോർജ് പറഞ്ഞു. എൻഎസ്എസിൻ്റെ നിലപാട് മാറ്റത്തിൽ ദുഃഖിതനാണെന്നും സുകുമാരൻ നായർ എങ്ങനെ ഈ അബദ്ധം കാണിച്ചുവെന്ന് അറിയില്ലെന്നും പി സി ജോർജ് പറഞ്ഞു. ബിജെപി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോർജ്.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളി നടേശൻ എത്തിയത്. ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ആഗോള സംഗമത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. ആഗോള സംഗമം നടത്താനുള്ള തീരുമാനം മികച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണെന്നുള്ള വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമായിരുന്നു.
അടുത്ത തവണ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും വേറെയാരും മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന് മാത്രമേയുള്ളൂ. ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര് നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തരാണ്. പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ടുതവണ ശബരിമലയിൽ വന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
Content Highlight : I know how Pinarayi sacked Vellappally Natesan; PC George