
കോഴിക്കോട്: ആഗോള അയ്യപ്പസംഗമത്തിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദിച്ചു.
സർക്കാരിൻ്റെ ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങൾ തുറന്നു പറയണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.
ഭാരതത്തിൻ്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്തരായതെന്ന് ഗവർണർ പറഞ്ഞു. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്നും അവരുടെ മനസ് പരിശുദ്ധരാണെന്ന് കരുതുന്നില്ലെന്നും ഗവർണർ പറഞ്ഞു. പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
2047-ഓടെ ‘വികസിത ഭാരത’ സ്വപ്നം സാക്ഷാത്കരിക്കണം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം അടിസ്ഥാനമാക്കി സമഗ്ര വികസനം ലക്ഷ്യമിടണമെന്നും ‘അന്ത്യോദയ’ തത്വം പിന്തുടരണമെന്നും ആർലേക്കർ കൂട്ടിച്ചേർത്തു.
Content Highlight : Governor indirectly criticizes Ayyappa Sangam