
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ബാങ്കിലെ കുടിശിക കെപിസിസി തീര്‍ത്തിൽ പ്രതികരണവുമായി കുടുംബം. സെറ്റിൽമെന്റിൽ കോൺഗ്രസ് വാക്കു പാലിച്ചുവെന്നും വീടിന്റെ പട്ടയത്തിന് കുടുംബത്തിലെ രണ്ട് ജീവൻ്റെ വില ഉണ്ടെന്നും എം എന്‍ വിജയന്റെ മകൻ വിജേഷ് പ്രതികരിച്ചു.
കട ബാധ്യത നേരത്തേ തീര്‍ത്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നുവെന്നും വിജേഷ് പറഞ്ഞു. തങ്ങൾ പറഞ്ഞ കാര്യം ചെയ്തു തന്നു. ബാധ്യതകൾ ഇനിയുമുണ്ട്. അത് സ്വന്തമായി വീട്ടുമെന്നും വിജേഷ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് നിരന്തരം അവഗണനയും ആക്ഷേപവും ഉണ്ടായി. സൈബർ ആക്രമണം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വരുത്തിവച്ച കടം അവര്‍ തീര്‍ത്തുതന്നുവെന്ന് മരുമകൾ പത്മജയും പറഞ്ഞു. രണ്ടരക്കോടിയുടെ ബാധ്യത തീര്‍ക്കാമെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് കെപിസിസിയുടെ ഫണ്ട് ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്നുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം പറഞ്ഞ തുകയാണ് ഇപ്പോൾ അവർ തീർത്തതെന്നും പത്മജ വ്യക്തമാക്കി. വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചതിലും പത്മജ പ്രതികരിച്ചു. മാറ്റം അനിവാര്യമായിരുന്നുവെന്നും കർമ്മ എന്നൊന്ന് ഉണ്ടെന്നും പത്മജ പറഞ്ഞു. അപ്പച്ചനെതിരെ ഉന്നയിച്ചത് ആരോപണമല്ല യാഥാർത്ഥ്യമാണെന്നും അത് തെളിയുമെന്നും പത്മജ വ്യക്തമാക്കി.
അതിനിടെ എന്‍ എം വിജയന്റെ വീടിന്റെ ആധാരം കോണ്‍ഗ്രസ് കുടുംബത്തിന് കൈമാറി. വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷം രൂപ ഇന്നലെ അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നാണ് ആധാരം അധികൃതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയത്.
Content Highlight : Congress kept its promise; the title deed of a house is worth two lives in a family, says Vijayan's family