
യുഎഇയിൽ വിസയ്ക്കായി അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്പോർട്ടിന്റെ പുറം കവറിൻ്റെ ചിത്രം കൂടി സമർപ്പിക്കണമെന്ന് അധികൃതർ. കഴിഞ്ഞ ആഴ്ചയാണ് നിയമം നിലവിൽ വന്നത്. പാസ്‌പോർട്ട് കോപ്പി, വ്യക്തമായ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണം, മടക്ക ടിക്കറ്റ് കോപ്പി എന്നിവയും സമർപ്പിക്കണം.
പാസ്‌പോർട്ടിന്റെ പുറം കവറിന്റെ ചിത്രം എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും നിർബന്ധമാക്കി. എല്ലാ രാജ്യക്കാർക്കും എല്ലാതരം വിസകൾക്കും ഇത് ബാധകമാണെന്ന് അധികൃതർ പറയുന്നു. യുഎഇയിലേക്കുള്ള പുതിയ വിസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
വിസാ അപേക്ഷകളിൽ രാജ്യത്തിന്റെ പേര് തെറ്റായി നൽകുന്നത് തടയുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പാസ്‌പോർട്ടുകളിൽ, രാജ്യത്തിന്റെ പേര് വളരെ ചെറിയ അക്ഷരത്തിൽ എഴുതുന്നതും ആശയകുഴപ്പങ്ങളുണ്ടാക്കും. പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ ചിത്രം സമർപ്പിക്കുന്നതോടെ ഇത്തരം ആശയകുഴപ്പങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: Visitors must now submit passport cover copy for entry permit