
കണ്ണൂര്‍: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മ്മസമിതി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നാളെ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വിശ്വമാനവികതയുടെ സംഗമമാണെങ്കില്‍ സംഘപരിവാര്‍ കര്‍മ്മസമിതി സംഘടിപ്പിക്കാന്‍ പോകുന്ന അയ്യപ്പ സംഗമം ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും കേന്ദ്രമായ ശബരിമലയില്‍ വര്‍ഗീയതയുടെ വിത്ത് വിതയ്ക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാളെയാണ് ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാര്‍ സംഘടനകള്‍ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. പന്തളമാണ് വേദി. ശബരിമല കര്‍മ്മ സമിതിക്ക് പുറമേ ഹിന്ദു ഐക്യവേദി അടക്കം സംഘപരിവാര്‍ സംഘടനകളും സംഗമത്തില്‍ പങ്കാളികളാകും. സംഗമത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ദേവസ്വം ബോര്‍ഡിന്റെ അയ്യപ്പ സംഗമം കാപട്യമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയത്. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണെന്നും ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളതെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞിരുന്നു.
ഇന്നലെയായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അടക്കം 4126 പേരായിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്. 1819 പേര്‍ കേരളത്തില്‍നിന്നുള്ളവരും 2125 പേര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരുമായിരുന്നു. 182 അന്താരാഷ്ട്ര പ്രതിനിധികളാണ് ആഗോള സംഗമത്തില്‍ പങ്കാളികളായത്. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തത് ശ്രീലങ്കയില്‍ നിന്നാണ്. 39 പേരാണ് ശ്രീലങ്കയില്‍ നിന്നെത്തിയത്. മലേഷ്യയില്‍ നിന്ന് 13 പേരും അമേരിക്കയില്‍ നിന്ന് അഞ്ച് പേരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
അബുദാബിയില്‍ നിന്ന് 18 പേരും ദുബായില്‍നിന്ന് 16 പേരും സംഗമത്തിനെത്തി. ഷാര്‍ജ-19, അജ്മാന്‍-മൂന്ന്, ബഹ്റൈന്‍-11, ഒമാന്‍-13 ഖത്തര്‍-10, സിംഗപ്പൂര്‍-എട്ട്, കാനഡ-12, യുകെ-13, സൗദിയില്‍ നിന്ന് രണ്ട് പേര്‍ എന്നിങ്ങനെയാണ് സംഗമത്തിനെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 2125 പേരാണ് ആഗോള അയ്യപ്പ സംഗമത്തിനെത്തിയത്. തമിഴ്നാട്ടില്‍നിന്ന് 1545 പേരും ആന്ധ്രയില്‍നിന്ന് 90 പേരുമാണ് സംഗമത്തിനെത്തിയത്. തെലങ്കാനയില്‍നിന്ന് 182 പേരും കര്‍ണാടകയില്‍നിന്ന് 184 പേരുമെത്തി. മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഉത്തര്‍പ്രദേശില്‍നിന്നും ഗുജറാത്തില്‍നിന്നും നാല്പേര്‍ വീതമാണ് എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രണ്ട് പേരും ഹരിയാനയി ല്‍നിന്ന് ഒരാളും എത്തിയപ്പോള്‍ ഒഡീഷയില്‍ നിന്ന് 12 പേരാണ് സംഗമത്തിനെത്തിയത്. ഛത്തീസ്ഗഡില്‍ നിന്ന് നാല് പേരും അസമില്‍നിന്ന് ഒരാളും എത്തിയിരുന്നു.
Content Highlights- M V Jayarajan against sanghparivar ayyappa sangamam