എ ഐ കസേര ഗോവിന്ദന്‍ മാഷ് കവടി നിരത്താന്‍ പോയപ്പോള്‍ കണ്ടതാകും; ആഗോള അയ്യപ്പ സംഗമം പരാജയം: സണ്ണി ജോസഫ്

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പരിപാടി മാത്രമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി

എ ഐ കസേര ഗോവിന്ദന്‍ മാഷ് കവടി നിരത്താന്‍ പോയപ്പോള്‍ കണ്ടതാകും; ആഗോള അയ്യപ്പ സംഗമം പരാജയം: സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം പരാജയമാണെന്ന് ദൃശ്യങ്ങൾ തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആത്മാർത്ഥത ഇല്ലാതെ നടത്തിയ പരിപാടിയാണെന്നും ആചാരങ്ങൾ ലംഘിക്കാനാണ് സിപിഐഎമ്മും സർക്കാരും ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവതികളെ പ്രവേശിപ്പിച്ചതിൻ്റെ പാപക്കറ അവർക്കുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പരിപാടി മാത്രമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ആഗോള അയ്യപ്പസംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്ന എം വി ഗോവിന്ദൻ്റെ വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. ഗോവിന്ദൻ മാഷ് കവടി നിരത്താൻ പോയിരുന്നല്ലോ, അപ്പോൾ കണ്ടതാകും എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രം​ഗത്തെത്തിയിരുന്നു. 4,600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. എന്തെങ്കിലും കൊടുക്കുന്നതിന് നാണവും മാനവും വേണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം ഫ്‌ളോപ്പാണെന്ന ആരോപണത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ആളുകളുടെ കണക്ക് സഹിതമാണ് മന്ത്രിയുടെ മറുപടി. ആഗോള അയ്യപ്പ സംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തതായി മന്ത്രി വിശദീകരിച്ചു.

സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പങ്കാളിത്തം കൊണ്ട് സംഗമം വലിയ വിജയമായെന്ന് മന്ത്രി പറഞ്ഞു.

വിദേശത്തുനിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ഇരിക്കാനാകും വിധമുള്ള മികച്ച സൗകര്യത്തോടെയായിരുന്നു വേദിയടക്കം സജ്ജമാക്കിയിരുന്നത്. എന്നാല്‍ രജിസ്ട്രേഷന്‍ തന്നെ അയ്യായിരത്തിനടുത്തെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

Content Highlight : 'Global Ayyappa Sangam was an event without sincerity'; KPCC President Sunny Joseph

dot image
To advertise here,contact us
dot image