തമിഴ്‌നാട്ടിൽ നിന്നുമാത്രം 1545 പേർ; ആകെ പങ്കെടുത്തത് 4126 പേർ;അയ്യപ്പ സംഗമം ഫ്‌ളോപ്പെന്ന പ്രചാരണത്തിന് മറുപടി

സർക്കാർ പിന്തുണയോടെ ദേവസ്വം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ രജിസ്റ്റർ ചെയ്തവരെല്ലാം പങ്കെടുത്തില്ലെന്ന് പ്രചാരണമുണ്ടായിരുന്നു

തമിഴ്‌നാട്ടിൽ നിന്നുമാത്രം 1545 പേർ; ആകെ പങ്കെടുത്തത് 4126 പേർ;അയ്യപ്പ സംഗമം ഫ്‌ളോപ്പെന്ന പ്രചാരണത്തിന് മറുപടി
dot image

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഫ്ളോപ്പാണെന്ന കുപ്രചാരണങ്ങൾക്ക് മറുപടി. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറവാണെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിന് മറുപടിയുമായാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്തെത്തിയത്. ചടങ്ങിൽ പങ്കെടുത്ത ആളുകളുടെ കണക്ക് സഹിതമാണ് മന്ത്രി കുപ്രചാരണങ്ങളെ പൊളിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൽ 4126 പേർ പങ്കെടുത്തതായി മന്ത്രി വിശദീകരിച്ചു.

സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളിത്തം കൊണ്ട് സംഗമം വലിയ വിജയമായെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇവർക്കെല്ലാം ഇരിക്കാനാകും വിധമുള്ള മികച്ച സൗകര്യത്തോടെയായിരുന്നു വേദിയടക്കം സജ്ജമാക്കിയിരുന്നത്. എന്നാൽ രജിസ്‌ട്രേഷൻ തന്നെ അയ്യായിരത്തിനടുത്തെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

4126 പേരാണ് രജിസ്റ്റർ ചെയ്തത്. 1819 പേർ കേരളത്തിൽനിന്നുള്ളവരും 2125 പേർ കേരളത്തിന് പുറത്തുനിന്നുള്ളവരുമായിരുന്നു. 182 അന്താരാഷ്ട്ര പ്രതിനിധികളാണ് ആഗോള സംഗമത്തിൽ പങ്കാളികളായത്. വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് ശ്രീലങ്കയിൽ നിന്നാണ്. 39 പേരാണ് ശ്രീലങ്കയിൽ നിന്നെത്തിയത്. മലേഷ്യയിൽ നിന്ന് 13 പേരും അമേരിക്കയിൽ നിന്ന് അഞ്ച് പേരുമാണ് സംഗമത്തിൽ പങ്കെടുത്തത്.

അബുദാബിയിൽ നിന്ന് 18 പേരും ദുബായിൽനിന്ന് 16 പേരും സംഗമത്തിനെത്തി. ഷാർജ-19, അജ്മാൻ -മൂന്ന്, ബഹ്‌റൈൻ- 11, ഒമാൻ- 13 ഖത്തർ- 10, സിംഗപ്പൂർ- എട്ട്, കാനഡ- 12, യുകെ- 13, സൗദിയിൽ നിന്ന് രണ്ട് പേർ എന്നിങ്ങനെയാണ് സംഗമത്തിനെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 2125 പേരാണ് ആഗോള അയ്യപ്പ സംഗമത്തിനെത്തിയത്. തമിഴ്‌നാട്ടിൽനിന്ന് 1545 പേരും ആന്ധ്രയിൽനിന്ന് 90 പേരുമാണ് സംഗമത്തിനെത്തിയത്. തെലങ്കാനയിൽനിന്ന് 182 പേരും കർണാടകയിൽനിന്ന് 184 പേരുമെത്തി. മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഉത്തർപ്രദേശിൽനിന്നും ഗുജറാത്തിൽനിന്നും നാല്‌പേർ വീതമാണ് എത്തിയത്. ഡൽഹിയിൽ നിന്ന് രണ്ട് പേരും ഹരിയാനയി ൽനിന്ന് ഒരാളും എത്തിയപ്പോൾ ഒഡീഷയിൽ നിന്ന് 12 പേരാണ് സംഗമത്തിനെത്തിയത്. ഛത്തീസ്ഗഡിൽ നിന്ന് നാല് പേരും അസമിൽനിന്ന് ഒരാളും എത്തി.

സർക്കാർ പിന്തുണയോടെ ദേവസ്വം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ രജിസ്റ്റർ ചെയ്തവരെല്ലാം പങ്കെടുത്തില്ലെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വേദിവിട്ടതോടെ കസേരകൾ കാലിയായെന്നും പിന്നീട് നടന്ന സെമിനാറുകൾ എല്ലാം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത് എന്നുമായിരുന്നു ഉയർന്ന ആരോപണം. പരിപാടിയിൽ കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് സംഗമത്തിൽ പങ്കെടുത്തവരുടെ കണക്ക് മന്ത്രി പുറത്തുവിട്ടത്. പരാതിരഹിതമായാണ് സംഗമം നടന്നതെന്നും നേരത്തെ 3000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ രജിസ്‌ട്രേഷൻ അയ്യായിരത്തിനടുത്ത് എത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അയ്യായിരത്തോളം കസേരകളും ഇവിടെ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി സംഗമത്തിന് തിരി തെളിയിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്താണ് അധ്യക്ഷത വഹിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. ശബരിമല മാസ്റ്റര്‍പ്ലാന്‍, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ച് സം​ഗമത്തിൽ ചർച്ച നടന്നു.

Content Highlights: 4126 people participated in the global Ayyappa Sangamam

dot image
To advertise here,contact us
dot image