തിരുമല അനിലിന്‍റെ മരണം: 'വേണ്ടാത്ത കാര്യങ്ങൾ പറയരുത്, നാണമില്ലേ'; മാധ്യമങ്ങളോട് കയര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

ആഗോള അയ്യപ്പ സംഗമത്തിന് വിശ്വാസികളൊന്നും പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുമല അനിലിന്‍റെ മരണം: 'വേണ്ടാത്ത കാര്യങ്ങൾ പറയരുത്, നാണമില്ലേ'; മാധ്യമങ്ങളോട് കയര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍
dot image

തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ കയർത്തത്. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സിപിഐഎമ്മിന്റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബിജെപി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞുവെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കി പറയരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ക്രിമിനൽ വിഷയമാണിത്. സിപിഐഎമ്മിനെ സംരക്ഷിക്കാൻ മാധ്യമങ്ങൾ നോക്കരുത്. അനിലിന്‍റെ മരണവുമായിബന്ധപ്പെട്ട് കള്ളമാണ് പറഞ്ഞുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമായാണ് തങ്ങൾ കാണുന്നത്. അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തെകുറിച്ച് ഒന്നും പറയാൻ താനില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.. ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ പരിപാടി നടത്താൻ ആരെങ്കിലും ഹമാസിനെ ഏൽപിക്കുമോ?. അതുപോലെ തന്നെയാണ് വിശ്വാസികളുടെ പരിപാടി സിപിഐഎം നടത്തുമ്പോൾ ആരും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ ആരും പരിപാടിയിലെത്തിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വിശ്വാസികളൊന്നും അവിടെ പോയിട്ടില്ല. താൻ എന്തായാലും അതേകുറിച്ചൊന്നും പറയുന്നില്ല. എന്തുകാരണം കൊണ്ടാണ് സിപിഐഎം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഒരു വിശ്വാസി പോകേണ്ടത്?. വിശ്വാസികളെ ദ്രോഹിച്ച സർക്കാരിനെ അവർ എങ്ങനെ വിശ്വസിക്കും. വിശ്വാസിയായ തന്നെ അവർ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കിൽ പോയേനെ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാളെ നടക്കുന്ന സമാന്തര അയ്യപ്പ സംഗമത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് മുഖ്യമന്ത്രിയും ആശംസയറിയിക്കുന്നതുപോലെയാണ് യോഗി ആദിത്യനാഥ് ആഗോള അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ചത്. ആഗോള അയ്യപ്പ സംഗമത്തിനെതിരെ അന്നും ഇന്നും തങ്ങളൊന്നും പറഞ്ഞിട്ടില്ല ഹിന്ദുക്കൾക്കെതിരെ പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെമാത്രമാണ് തങ്ങൾ എതിർത്തതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Content Highlights: BJP state president Rajeev Chandrasekhar reacted angrily to a question related to the death of BJP councilor Tirumala Anil

dot image
To advertise here,contact us
dot image