
കണ്ണൂർ: കർണാടകയിലെ മന്ത്രി കൃഷ്ണ വൈര ഗൗഡ കേരളത്തെ പുകഴ്ത്തിയ സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മന്ത്രി പുകഴ്ത്തിയത് ഈ സർക്കാരിനെയല്ലെന്നും കഴിഞ്ഞ കുറേ കാലമായുള്ള കേരളത്തിന്റെ പുരോഗതിയെ കുറിച്ചാണ് പരാമർശിച്ചതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് വിചാരിച്ചെങ്കിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് കർണാടക റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ പ്രസംഗിച്ചത്. കായംകുളത്ത് ആലപ്പുഴ എംപി കെ സി വേണുഗോപാൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കൃഷ്ണ വൈര ഗൗഡ കേരളത്തെ പ്രശംസിച്ചത്. കെ സി വേദിയിലിരിക്കെയായിരുന്നു പ്രശംസ. കർണാടക മന്ത്രി നടത്തിയത് കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിങ്ങനെ എല്ലാ മേഖലകളിലും കേരളമാണ് ഒന്നാമത് എന്നായിരുന്നു കൃഷ്ണ വൈര ഗൗഡ പറഞ്ഞത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽനിന്നുള്ള മിടുക്കന്മാരായ വിദ്യാർത്ഥികളാണ് കർണാടകയിൽ എത്തുന്നതിൽ അധികമെന്നും മനുഷ്യവിഭവശേഷിയാണ് വികസനത്തിന്റെ മാനദണ്ഡമെങ്കിൽ കേരളമാണ് രാജ്യത്തിൽ ഒന്നാമതെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.
പമ്പയിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തെ അയ്യപ്പ ഭക്തരായ എല്ലാവരും തള്ളിക്കളഞ്ഞുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പ വിശ്വാസികളായ വിശ്വാസി സമൂഹം ഇതിന് പിന്നിലുള്ള തട്ടിപ്പ് മനസിലാക്കി. തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് നടത്തിയ തട്ടിക്കൂട്ട് പരിപാടിയാണിത്. ആകെ ഉണ്ടായ നേട്ടം ദേവസ്വം മന്ത്രിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കാനായി എന്നുള്ളതാണ്. എന്തൊരു ആവേശത്തിലാണ് അദ്ദേഹം ആ സന്ദേശം വായിച്ചതെന്നും കെ സി ആരോപിച്ചു. വിശ്വാസം അഭിനയിക്കുന്നവരെ സൂക്ഷിക്കണം. വോട്ട് കിട്ടാനുള്ള ഇടമായി ശബരിമലയെ മാറ്റരുത്. അയ്യപ്പസ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദിയാക്കരുത്. പത്ത് കൊല്ലത്തെ ഭരണം തീരാൻ പോകുമ്പോഴല്ല സംഗമം പോലുള്ള കാര്യങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിലെത്തിയതിനെയും കെ സി വേണുഗോപാൽ വിമർശിച്ചു. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ടെന്നും ആരെയും വിഡ്ഢിയാക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ആർക്കെതിരെയുള്ള സൈബർ ആക്രമണത്തെയും അനുകൂലിക്കില്ല. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KC Venugopal reacts on Krishna Byre Gowda praising kerala speech