'ഭക്ഷണ വേളയിലും വിശ്രമ സമയത്തുമുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു'; ചിത്രസഹിതം കെ എസ് അരുൺ കുമാർ

'ശബരിമലയുടെ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നതിനെ എന്തിനാണ് സംഘപരിവാറും കോൺഗ്രസും ഭയപ്പെടുന്നത്?'

'ഭക്ഷണ വേളയിലും വിശ്രമ സമയത്തുമുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു'; ചിത്രസഹിതം കെ എസ് അരുൺ കുമാർ
dot image

പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അത്രയും പ്രതിനിധികൾ പങ്കെടുത്തില്ലെന്ന തരത്തിൽ ഒഴിഞ്ഞ കസേരളുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കണക്ക് സഹിതം മറുപടിയുമായി സിപിഐഎം നേതാവ് അഡ്വ കെ എസ് അരുൺ കുമാർ. ഭക്ഷണവേളയിലും വിശ്രമസമയത്തും പ്രധാന ഹാളിന്റെ പുറകിൽ നിന്നുള്ള ചിത്രങ്ങൾ എടുത്ത് അത് എഡിറ്റ് ചെയ്ത് മനഃപൂർവം സൃഷ്ടിച്ചെടുത്ത് പ്രചരിപ്പിക്കുന്നതാണ് ഇതെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിച്ചു. ഇത്തരത്തിൽ എഡിറ്റ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സാമർത്ഥ്യമാണെന്നും സത്യവും സാമർത്ഥ്യവും തമ്മിലുള്ള വ്യത്യാസം കേരളത്തിലെ ജനങ്ങൾ മനസിലാക്കിയിരിക്കുന്നുവെന്നും അരുൺകുമാർ കുറിപ്പിൽ വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമം സംഘാടകർ ഉദ്ദേശിച്ചതിലും വലിയ വിജയമായിരുന്നു. ആകെ 3000പ്രതിനിധികളെയാണ് പ്രതീക്ഷിച്ചതെങ്കിലും 4126 പ്രതിനിധികൾ പങ്കെടുത്തെന്നും അരുൺ കുമാർ പറയുന്നുണ്ട്. 'ശബരിമലയുടെ മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയങ്ങളിൽ സംഗമം നടത്തി ഭാവി വികസന പ്രക്രിയകൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിനെ എന്തിനാണ് ഇവർ ഭയപ്പെടുന്നത്?. എത്ര വലിയ നുണപ്രചരണം ആണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്? എന്താണ് ഇവരുടെ ലക്ഷ്യം?' അദ്ദേഹം ചോദിച്ചു. ശബരിമലയുടെ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നതിനെ എന്തിനാണ് സംഘപരിവാറും കോൺഗ്രസും ഭയപ്പെടുന്നതെന്നും അരുൺ കുമാർ കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം…..

ആദ്യത്തെ അഞ്ച് ചിത്രങ്ങൾ സത്യവും ആറാമത്തെ ചിത്രം സാമർത്ഥ്യവുമാണ്. ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ നിറഞ്ഞ സദസ്സും അതിനുശേഷം വിവിധ സെമിനാറുകൾക്കായി വിവിധ വേദികളിലേക്ക് പ്രതിനിധികൾ മാറിയിരുന്നതും എല്ലാം നമ്മൾ കണ്ടതാണ്. അതാണ് സത്യം.


ഭക്ഷണവേളയിലും വിശ്രമസമയത്തും പ്രധാന ഹാളിന്റെ പുറകിൽ നിന്നുള്ള ചിത്രങ്ങൾ എടുത്ത് അത് എഡിറ്റ് ചെയ്ത് മനപൂർവം സൃഷ്ടിച്ചെടുത്ത് പ്രചരിപ്പിക്കുന്നതാണ് ആറാമത്തെ ചിത്രം. അതാണ് സാമർത്ഥ്യം. ഈ സത്യവും സാമർത്ഥ്യവും തമ്മിലുള്ള വ്യത്യാസം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.


ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. ആഗോള അയ്യപ്പ സംഗമം സംഘാടകർ ഉദ്ദേശിച്ചതിലും വലിയ വിജയമായിരുന്നു. ആകെ 3000 പ്രതിനിധികളെയാണ് പ്രതീക്ഷിച്ചതെങ്കിലും 4126 പ്രതിനിധികൾ പങ്കെടുത്തു. പതിനഞ്ചോളം വിദേശരാജ്യങ്ങളിൽ നിന്നായി 182 പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2125 പ്രതിനിധികൾ പങ്കെടുത്തു.കേരളത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 1819 പേർ പങ്കെടുത്തു. SNDP, NSS, KPMS ഉൾപ്പെടെ 26 ഹൈന്ദവ സംഘടന പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. ചില മാധ്യമങ്ങൾ ഒഴിഞ്ഞ കസേരകൾ പ്രചരിപ്പിച്ചത് പ്രതിനിധികൾ പാനൽ ഡിസ്‌കഷനും ഉച്ചഭക്ഷണത്തിനും വേണ്ടി പിരിയുന്ന സമയത്തെ ഹാളിലെ ദൃശ്യങ്ങളാണ്.


ഹാളിനുള്ളിൽ 5000 കസേരകൾ ആണ് ക്രമീകരിച്ചിരുന്നത്.
ചില മാധ്യമങ്ങൾ 623 പേര് മാത്രമാണ് രജിസ്റ്റർ ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നു.
മൊത്തം 40 രജിസ്‌ട്രേഷൻ കൗണ്ടറുകൾ ആയിരുന്നു. അതിൽ ഒരു കൗണ്ടറിലെ രജിസ്‌ട്രേഷൻ വിവരങ്ങളാണ് 623. അതാണ് മാധ്യമങ്ങൾ ആകെ പങ്കെടുത്തവരായി പ്രചരിപ്പിക്കുന്നത്.
ശബരിമലയുടെ മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയങ്ങളിൽ സംഗമം നടത്തി ഭാവി വികസന പ്രക്രിയകൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിനെ എന്തിനാണ് ഇവർ ഭയപ്പെടുന്നത്?
എത്ര വലിയ നുണപ്രചരണം ആണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്?
എന്താണ് ഇവരുടെ ലക്ഷ്യം? ശബരിമലയുടെ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നതിനെ എന്തിനാണ് സംഘപരിവാറും കോൺഗ്രസും ഭയപ്പെടുന്നത്?

Content Highlights: CPIM leader KS Arun Kumar facebook post on Global Ayyappa Sangamam controversy

dot image
To advertise here,contact us
dot image