'തെരഞ്ഞെടുപ്പല്ലേ, എന്തും ചെയ്യും': കെ ജെ ഷൈന് പിന്തുണയുമായി എ എ റഹീമും പി കെ ശ്രീമതിയും ആര്‍ ബിന്ദുവും

ആരോപണം ഉന്നയിച്ച പലരും പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് എ എ റഹീം പറഞ്ഞു

'തെരഞ്ഞെടുപ്പല്ലേ, എന്തും ചെയ്യും': കെ ജെ ഷൈന് പിന്തുണയുമായി എ എ റഹീമും പി കെ ശ്രീമതിയും ആര്‍ ബിന്ദുവും
dot image

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ സിപിഐഎം നേതാവ് കെ ജെ ഷൈന് പിന്തുണയുമായി എ എ റഹീം എംപിയും പി കെ ശ്രീമതിയും മന്ത്രി ആര്‍ ബിന്ദുവും രംഗത്ത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ എന്ത് നെറികെട്ട രാഷ്ട്രീയ ആരോപണവും ഉന്നയിച്ച് ആരെയും അപമാനിക്കാമെന്ന തോന്നല്‍ വച്ചുപുലര്‍ത്തുന്നവരുടെ മുഖമടച്ചുളള അടിയാണ് ഷൈന്‍ ടീച്ചര്‍ നല്‍കിയതെന്നും ആരോപണം ഉന്നയിച്ച പലരും പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും എ എ റഹീം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനുളള ടീച്ചറുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ടീച്ചര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും എ എ റഹീം എംപി അറിയിച്ചു.

'തെരഞ്ഞെടുപ്പല്ലേ, എന്തും ചെയ്യുമെന്നാണ്' പി കെ ശ്രീമതി ടീച്ചര്‍ പ്രതികരിച്ചത്. പറവൂരില്‍ യുഡിഎഫിന് വെല്ലുവിളിയുയര്‍ത്തുന്ന സിപിഐഎമ്മിന്റെ ശക്തയായ നേതാവാണ് ഷൈന്‍ ടീച്ചറെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. തനിക്കുനേരെ നടന്ന സൈബര്‍ അപവാദപ്രചാരണവുമായി ബന്ധപ്പെട്ട് ആത്മാഭിമാനബോധത്തോടെ സ്ത്രീ സമൂഹത്തിന്റെ അന്തസിനെ മുന്‍നിര്‍ത്തി സുധീരം പ്രതികരിച്ച കെ ജെ ഷൈന്‍ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം എന്നാണ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്.

അടിസ്ഥാനരഹിതമായ വ്യാജ വര്‍ത്തമാനം പൊതുയിടങ്ങളില്‍ പ്രചരിപ്പിച്ച് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ പൊതുമണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്താമെന്ന് കരുതുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഷൈന്‍ ടീച്ചറുടെ പ്രതികരണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒരേ കളളക്കഥ കൊണ്ട് എറണാകുളം ജില്ലയിലെ രണ്ട് സിപിഐഎം നേതാക്കളെ കരിവാരിത്തേക്കാം എന്ന് കരുതിയ കുബുദ്ധികളെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തയ്യാറായ ഷൈന്‍ ടീച്ചറും ജീവിതസഖാവും ആവശ്യപ്പെടുന്ന തരത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ ഉണ്ടാകണമെന്നും ആര്‍ ബിന്ദു ആവശ്യപ്പെട്ടു. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്ന കേരളത്തിലെ സ്ത്രീകളെ വീണ്ടും വീട്ടകങ്ങളിലേക്ക് ആട്ടിയോടിക്കാനുളള പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢശ്രമങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് ജാഗരൂകരാകാമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൈബർ ആക്രമണത്തിൽ കെ ജെ ഷൈൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഷൈന്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ഗൂഢാലോചനയാണെന്നും പിന്നിൽ ജില്ലാ നേതൃത്വമാണെന്നുമായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. സൈബര്‍ ഇടങ്ങളില്‍ തോന്നിയത് എഴുതി ഇടുന്നവരെല്ലാം കോണ്‍ഗ്രസ് നിയോഗിച്ചവരാണെന്ന് ഇവര്‍ക്ക് എങ്ങനെ പറയാനാകുമെന്നും ഷിയാസ് ചോദിച്ചിരുന്നു. ഈ വിഷയത്തെ കുറിച്ച് കുറേനാളായി മാധ്യമങ്ങള്‍ക്കടക്കം അറിയാം. എന്നാല്‍ തെളിവില്ലാത്ത ഒരുകാര്യം പറയുന്നവരല്ല തങ്ങള്‍. അവര്‍ ഒരു സ്ത്രീയാണ്, കുടുംബമുള്ളവരാണ്, അവര്‍ക്കെതിരെ അധിക്ഷേപം നടത്തുക തങ്ങളുടെ രാഷ്ട്രീയമല്ല. അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എവിടെ നിന്നാണ് ഷൈന്‍ ടീച്ചര്‍ക്ക് മനസിലായതെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചിരുന്നു

Content Highlights: A A Rahim, R Bindu, PK Sreemathi supports K J Shine as she face Cyber attack

dot image
To advertise here,contact us
dot image